വരയും വര്‍ണവുമായ് ജില്ലാതല ഊര്‍ജോത്സവം

ആവശ്യം കഴിഞ്ഞാലും കത്തിനില്‍ക്കുന്ന ലൈറ്റുകളും കറങ്ങുന്ന ഫാനുകളും വീടുകളിലും സ്‌കൂളുകളിലും ഓഫീസുകളിലും പതിവു കാഴ്ചയാവാതിരിക്കാന്‍  എനര്‍ജി മാനേജ്മെന്റ് സെന്റര്‍ പൊതുവിദ്യാഭ്യാസ വകുപ്പുമായ് ചേര്‍ന്ന് ആവിഷ്‌കരിച്ച സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാമിന്റെ  ജില്ലാതല ഊര്‍ജോത്സവം  പ്രൊവിഡന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്നു. കോഴിക്കോട് ജില്ലയില്‍ അഞ്ചിടത്തായി നടന്ന ഊര്‍ജോത്സവങ്ങളില്‍ വിജയികളായ 135 വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റും മെമെന്റൊയും വിതരണം ചെയ്തു. ജില്ലാതല മത്സരത്തില്‍ കാര്‍ട്ടൂണ്‍, ഉപന്യാസ രചന, ചിത്രരചന, ക്വിസ്സ്, തുടങ്ങിയവയില്‍ ഊര്‍ജസംരക്ഷണത്തിന്റെ പുതുപാഠങ്ങള്‍ അവതരിപ്പിച്ച് കുട്ടികള്‍ ശ്രദ്ധേയരായി. ഒരു സെക്കന്റില്‍ ഒരു തുള്ളി ജലം നഷ്ടപ്പെടുത്തിയാല്‍ പോലും വര്‍ഷം 31104 ലിറ്റര്‍ ജലവും അത് ടാങ്കിലെത്താനാവശ്യമായ 50 ലേറെ യൂണിറ്റ് വൈദ്യുതിയും നഷ്ടപ്പെടുമെന്ന  കണക്കുകള്‍ നിരത്തി  ഗാര്‍ഹികോര്‍ജ സംരക്ഷണത്തില്‍ ജലസംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികള്‍ വ്യക്തമാക്കി. രണ്ട് പേരുള്ള വീട്ടില്‍ പോലും നാലഞ്ച് ഗ്ലാസ്സ് വെള്ളം ചായക്കുവേണ്ടി തിളപ്പിക്കുമ്പോള്‍ ആവശ്യത്തിലേറെ ഭക്ഷണം പാകം ചെയ്യുമ്പോഴുമുണ്ടാകുന്ന പാചക വാതക നഷ്ടത്തെക്കുറിച്ചും കുട്ടികള്‍ പഴയ തലമുറയ്ക്ക് അറിവു പകര്‍ന്നു.  നിരവധി മാര്‍ഗങ്ങളിലൂടെ വൈദ്യുതി ബില്ല് ഗണ്യമായി കുറക്കാനും വര്‍ദ്ധിച്ചു വരുന്ന ഊര്‍ജാവശ്യങ്ങള്‍ക്ക് പുതു മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിച്ചും വരയും വര്‍ണ്ണങ്ങളുമായി ഊര്‍ജസ്വലരായിരുന്നു കുട്ടികള്‍.
ഊര്‍ജോത്സവം ജില്ലാ കലക്ടര്‍ സാംബശിവ റാവു ഉദ്ഘാടനം ചെയ്തു. കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.പി.മിനി അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്‍.മുരളി,  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ റജീന.കെ., ഇ.എം.സി ജില്ലാ കോഓഡിനേറ്റര്‍ ഡോ.എന്‍. സിജേഷ്, സെപ് ജോയിന്റ് കോര്‍ഡിനേറ്റര്‍ എം.കെ.സജീവ് കുമാര്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ജാസ്മിന്‍ എന്നിവര്‍ സംസാരിച്ചു.
Comments

COMMENTS

error: Content is protected !!