KERALA

ശ്രീചിത്രയിലെ 30 ഓളം ഡോക്ടര്‍മാര്‍ നിരീക്ഷണത്തില്‍; വി.മുരളീധരന്റെ ഓഫീസ് വിശദീകരണം തേടി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡോക്ടര്‍ക്ക് കൊറോണവൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മുപ്പതോളം ഡോക്ടര്‍മാരെ വീട്ടില്‍ നിരീക്ഷണത്തിലാക്കി. രോഗം ബാധിച്ച ഡോക്ടര്‍ ജോലി ചെയ്ത ശ്രീചിത്ര ആശുപത്രിയിലെ റേഡിയോളജി ലാബ് അടച്ചുപൂട്ടി. ശസ്ത്രക്രിയ അടക്കം നിര്‍ത്തിവെക്കാനും സാധ്യതയുണ്ട്.

 

ഇതിനിടെ ശ്രീചിത്രയില്‍ നടന്ന ഉന്നതതല യോഗത്തില്‍ പങ്കെടുത്ത കേന്ദ്ര മന്ത്രി വി.മുരളീധരന്‍ ആശുപത്രി അധികൃതരില്‍ നിന്ന് വിശദീകരണം തേടി. ശനിയാഴ്ചയാണ് വി.മുരളീധരന്‍ യോഗത്തില്‍ പങ്കെടുത്തത്. ഇതിന് മുമ്പായി ഏതെങ്കിലും തരത്തില്‍ മുന്‍കരുതല്‍ എടുക്കേണ്ടതുണ്ടോ എന്ന്‌ ആശുപത്രി അധികൃതരോട് മുരളീധരന്റെ ഓഫീസ് ചോദിച്ചറിഞ്ഞിരുന്നു. എന്നാല്‍ അത്തരത്തില്‍ ഒരു പ്രശ്‌നവും ഇല്ലെന്നാണ് ലഭിച്ച മറുപടി. തുടര്‍ന്ന് മന്ത്രി യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തു.

 

എന്നാല്‍ ഈ ആശുപത്രിയിലെ ഒരു ഡോക്ടര്‍ക്ക് കഴിഞ്ഞ ദിവസം കൊറോണവൈറസ് സ്ഥിരീകരിക്കുകയുണ്ടായി. അദ്ദേഹത്തോടൊപ്പം ജോലി ചെയ്ത ഡോക്ടര്‍മാരും മുരളീധരന്റെ യോഗത്തില്‍ പങ്കെടുക്കുയും ചെയ്തുവോ എന്ന സംശയത്തിലാണ്‌ മന്ത്രിയുടെ ഓഫീസ് ഇപ്പോള്‍ വിശദീകരണം തേടിയിരിക്കുന്നത്.

 

കൊറോണ ബാധിതനായ ഡോക്ടര്‍ ആശുപത്രിയിലുണ്ടെന്ന വിവരം മറച്ചുവെച്ചുവെന്നാണ്‌ മന്ത്രിയുടെ ഓഫീസിന്റെ വിലയിരുത്തല്‍. ആശുപത്രി ഡയറക്ടറോടാണ്‌ മുരളീധരന്റെ ഓഫീസ് വിശദീകരണം തേടിയിരിക്കുന്നത്.

 

സ്‌പെയിനിലേക്ക് പരിശീലനത്തിന് പോയി തിരിച്ചെത്തിയ ഡോക്ടര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളിപ്പോള്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

 

വിദേശത്തുനിന്നെത്തിയശേഷം ഇദ്ദേഹം മൂന്നുദിവസം ശ്രീചിത്ര ആശുപത്രിയില്‍ ജോലിക്കെത്തിയിരുന്നു. അതിനാലാണ് മുപ്പതോളം ഡോക്ടര്‍മാരേയും ആശുപത്രി ജീവനക്കാരേയും നിരീക്ഷണത്തിലാക്കിയത്. ഇയാള്‍ ജോലി ചെയ്തിരുന്ന റേഡിയോളജി ലാബാണ് അടച്ചത്.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button