KERALA
മലയാള പാഠപുസ്തകങ്ങൾക്ക് മോഹവില; ’ബ്ലാക്’ വില്പന തകൃതി.
മലയാള പുസ്തകങ്ങൾ സംഘടിപ്പിക്കാൻ സി.ബി.എസ്.ഇ.-ഐ.സി.എസ്.സി. വിദ്യാർഥികൾ ’മോഹവില’ നൽകണം. വിവിധ ക്ലാസുകളിലെ കേരള പാഠാവലിയും അടിസ്ഥാന പാഠാവലിയും ’ബ്ലാക്കിൽ’ വില്പന തകൃതിയായി നടക്കുകയാണ്. ക്ലാസുകൾ തുടങ്ങിയതോടെ പുസ്തകത്തിന്റെ കോപ്പികൾ സംഘടിപ്പിക്കാൻ സി.ബി.എസ്.ഇ.-ഐ.സി.എസ്.സി. വിദ്യാർഥികളുടെ രക്ഷിതാക്കൾ നെട്ടോട്ടമോടുകയാണ്. ആവശ്യക്കാരനെ നോക്കിയാണ് പലയിടത്തും പുസ്തകത്തിന്റെ വില നിശ്ചയിക്കുന്നത്.
സംസ്ഥാനത്തെ സ്കൂളുകളിൽ മലയാളം നിർബന്ധമാക്കിയതോടെ എല്ലാ വിദ്യാലയങ്ങളും സംസ്ഥാന സർക്കാർ പുറത്തിറക്കുന്ന മലയാള പാഠാവലിയും അടിസ്ഥാന പാഠാവലിയുമാണ് പഠിപ്പിക്കുന്നത്. എന്നാൽ, സർക്കാർ-എയ്ഡഡ് സ്കൂളുകളിൽ മാത്രമെ പുസ്തകം കിട്ടാൻ സംവിധാനമുള്ളു.
ഒന്നുമുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള മലയാള പുസ്തകങ്ങളും ഇവർക്ക് കിട്ടാൻ സംവിധാനമില്ല. ഇത് മുതലെടുത്ത് സമാന്തരമായി ഒരു വില്പന സംഘം സംസ്ഥാനത്ത് രൂപപ്പെട്ടിരിക്കുകയാണ്. മനോഹരമായ കളർ ചിത്രങ്ങളോടെയുള്ള പുസ്തകങ്ങളുടെ ബ്ലാക് ആൻഡ് വൈറ്റ് ഫോട്ടോസ്റ്റാറ്റ് കോപ്പികളാണ് പുസ്തകമാക്കി വില്പന നടത്തുന്നത്. ചിലർ ശിവകാശിയിൽനിന്ന് നിലവാരം കുറഞ്ഞ പേപ്പറിൽ അച്ചടിച്ചു കൊണ്ടുവന്ന് വിൽക്കുന്നുമുണ്ട്. ചില സി.ബി.എസ്.ഇ. വിദ്യാലയങ്ങളും പുസ്തകം സ്വന്തം നിലയിൽ അച്ചടിച്ച് സ്കൂളിന്റെ പേരുവെച്ച് വിതരണം ചെയ്യുന്നുണ്ട്.
മലയാള പാഠാവലിയുടെ പ്രത്യേകത മനോഹരമായ ബഹുവർണ ചിത്രങ്ങളാണ്. കുട്ടികളെ ഭാഷയിലേക്ക് ആകർഷിക്കാനുള്ള മുഖ്യ ഉപാധി കൂടിയായിരുന്നു ഈ ചിത്രങ്ങൾ. എന്നാൽ, ആ പുസ്തകങ്ങൾ ബ്ലാക് ആൻഡ് വൈറ്റിലേക്ക് മാറ്റി ആത്മാവ് നഷ്ടപ്പെടുത്തിയാണ് സി.ബി.എസ്.ഇ. വിദ്യാർഥികൾക്ക് നൽകുന്നത്. എട്ടാം ക്ലാസ് വരെ സർക്കാർ വിദ്യാലയങ്ങളിൽ പുസ്തകം സൗജന്യമായാണ് നൽകുന്നത്. എട്ടുവരെ സി.ബി.എസ്.ഇ. വിദ്യാലയങ്ങളിൽ മലയാള പഠനത്തിന് വ്യക്തമായ മാർഗരേഖയില്ല. പല വിദ്യാലയങ്ങളും പല രൂപത്തിലാണ് പഠിപ്പിക്കുന്നത്.
സർക്കാർ-എയ്‌ഡഡ് സ്കൂളുകളിലേതിനെക്കാൾ കൂടുതൽ കുട്ടികൾ ഇപ്പോൾ സി.ബി.എസ്.ഇ.-ഐ.സി.എസ്.സി. വിദ്യാലയങ്ങളിലുണ്ട്. അവർക്കെല്ലാം മലയാള പാഠപുസ്തകം കിട്ടാക്കനിയായിരിക്കുകയാണ്. ഇക്കാര്യത്തിൽ സർക്കാർ ഇടപെടണമെന്ന ആവശ്യം 2017 ജൂണിൽ തന്നെ മുഖ്യമന്ത്രിക്കു മുന്നിൽ എത്തിയതാണ്. കൊച്ചിയിൽ നടന്ന പ്രഗത്ഭരുടെ യോഗത്തിൽ ഇക്കാര്യം ഉയർന്നുവരികയും മുഖ്യമന്ത്രി നടപടിയെടുക്കാമെന്ന് സമ്മതിക്കുകയും ചെയ്തിരുന്നതാണ്. പിന്നീട് വിഷയം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഓൾ കേരള പബ്ലിഷേഴ്‌സ് ആൻഡ് ബുക് സെല്ലേഴ്‌സ് അസോസിയേഷൻ സെക്രട്ടറി ജയചന്ദ്രൻ സി.ഐ.സി.സി. മുഖ്യമന്ത്രിക്ക് പരാതി നൽകിയെങ്കിലും കത്ത് ബന്ധപ്പെട്ടവർക്ക് അയച്ചുകൊടുത്തതായി അറിയിച്ചതല്ലാതെ നടപടികളൊന്നും ഉണ്ടായില്ല.
Comments