തലസ്ഥാന നഗരിയില്‍ കെഎസ്ആര്‍ടിസി ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ ബസ് തിങ്കളാഴ്ച മുതല്‍ ഓടിത്തുടങ്ങും

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ കെഎസ്ആര്‍ടിസി ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ ബസ് തിങ്കളാഴ്ച മുതല്‍ ഓടിത്തുടങ്ങും. ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി വാങ്ങിയ ഡബിള്‍ ഡെക്കര്‍ ബസിന്റെ ഉദ്ഘാടനം തദേശ വകുപ്പ് മന്ത്രി എം ബി രാജേഷ് തിങ്കളാഴ്ച നിര്‍വഹിക്കും.

വികാസ് ഭവന്‍ ഡിപ്പോയിലോ ആനയറയിലെ സ്വിഫ്റ്റിന്റെ ആസ്ഥാനത്തോ ആയിരിക്കും ഉദ്ഘാടന ചടങ്ങും ഫ്ളാഗ് ഓഫും നടക്കുക. നിലവില്‍ നഗരത്തില്‍ സര്‍വീസ് നടത്തുന്ന ഡബിള്‍ ഡെക്കര്‍ ബസ് സഞ്ചരിക്കുന്ന റൂട്ടിന് പുറമെ കൂടുതല്‍ സ്ഥലങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാകും പുതിയ ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ ബസുകള്‍ സര്‍വീസ് നടത്തുക.

കൂടുതല്‍ സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തുമ്പോള്‍ നിരക്കില്‍ മാറ്റം വരുത്തുമെന്നും അധികൃതര്‍ പറഞ്ഞു. നിലവില്‍ 250 രൂപയാണ് നിരക്ക്. രണ്ട് ബസുകള്‍ ഉള്ളതിനാല്‍ ഒരു ബസ് ഡേ സര്‍വീസിനും രണ്ടാമത്തെ ബസ് നൈറ്റ് സര്‍വീസിനും ഉപയോഗിക്കും. അതേസമയം റൂട്ട് സംബന്ധിച്ച അന്തിമ തീരുമാനം ആയിട്ടില്ല.

ഉദ്ഘാടനത്തിന്റെ വിശദ വിവരങ്ങള്‍ ഉടന്‍ തന്നെ കെഎസ്ആര്‍ടിസി ഔദ്യോഗിക ഫെയ്സ്ബുക് പേജ് വഴി അറിയിക്കും. പുതിയ ബസുകളില്‍ മുകള്‍ നിലയില്‍ കയറുന്നതിനായി മുന്നിലും പിന്നിലും സ്റ്റെപ്പുകള്‍ ഉണ്ട്. അഞ്ച് സിസിടിവി ക്യാമറകള്‍, ഓരോ സീറ്റിലും മൊബൈല്‍ ചാര്‍ജിങ് പോര്‍ട്ടുകള്‍, പാനിക് ബട്ടണ്‍, സ്റ്റോപ്പ് ബട്ടണ്‍, മ്യൂസിക് സിസ്റ്റം, ടിവി, എല്‍ഇഡി ഡിസ്പ്ലേ, എല്ലാ സീറ്റുകളിലും സീറ്റ് ബെല്‍റ്റ് എന്നിവയും പുതിയ ബസിന്റെ പ്രത്യേകതകളാണ്.

 

 

Comments
error: Content is protected !!