CALICUTDISTRICT NEWSMAIN HEADLINES
മാറ്റിവച്ച പരീക്ഷകൾ 21 മുതൽ 29വരെ ; സ്കൂൾ ജൂൺ ഒന്നുമുതൽ
മാറ്റിവച്ച എസ്എസ്എൽസി, ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ ഈ മാസം 21നും 29നും ഇടയിൽ പൂർത്തിയാക്കും. എസ്എസ്എൽസി, പ്ലസു ടു പരീക്ഷകൾ വെവ്വേറെ നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.വിശദ ടൈംടേബിൾ പത്തിനകം. വിദ്യാർഥികൾ മാസ്ക് ധരിക്കണം. സ്കൂളുകളിൽ സാനിറ്റൈസർ ഒരുക്കണം. വിദ്യാർഥികളെ എത്തിക്കാൻ ആവശ്യമെങ്കിൽ പരീക്ഷകളില്ലാത്ത സമീപ യുപി, എൽപി സ്കൂളുകളുടെ വാഹനങ്ങൾ ഉപയോഗിക്കും.
ഹയർ സെക്കൻഡറിയിൽ രണ്ടു പരീക്ഷ വീതമാണ് എഴുതാനുള്ളത്. ഒന്നുമുതൽ ഒമ്പതുവരെയുള്ള അവശേഷിക്കുന്ന പരീക്ഷ നേരത്തെ ഉപേക്ഷിച്ചു. എട്ടുവരെ എല്ലാവരെയും വിജയിപ്പിച്ചു. ഒമ്പതിലെ ബാക്കി പരീക്ഷകൾക്ക് ഇന്റേണൽ അസസ്മെന്റിലൂടെ മാർക്ക് നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്കൂൾ ജൂൺ ഒന്നുമുതൽ
സംസ്ഥാനത്തെ സ്കൂൾ ജൂൺ ഒന്നു മുതൽ ആരംഭിക്കും. സ്കൂൾ തുറക്കാനായില്ലെങ്കിൽ വിദ്യാർഥികൾക്കായി പ്രത്യേക പഠന പരിപാടി കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യും. വിക്ടേഴ്സ് ചാനൽ ശൃംഖലയിൽ ഉണ്ട് എന്നുറപ്പാക്കാൻ പ്രാദേശിക കേബിൾ ഓപ്പറേറ്റർമാർ, ഡിടിഎച്ച് സേവന ദാതാക്കൾ ശ്രദ്ധിക്കണം. വെബിലും മൊബൈലിലും ഇ‐ ക്ലാസ് ലഭ്യമാക്കും. ഒരു സൗകര്യവും ഇല്ലാത്തവർക്ക് പ്രത്യേക സംവിധാനം ഏർപ്പെടുത്തും
Comments