DISTRICT NEWS
മഞ്ഞപ്പിത്തം ! കുടിവെള്ള സ്രോതസുകള്‍ ശുദ്ധീകരിച്ചെന്നുറപ്പു വരുത്തണം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
കോഴിക്കോട്: ജില്ലയില്‍ വിവിധപ്രദേശങ്ങളില്‍നിന്നും മഞ്ഞപ്പിത്തരോഗകേസുകള് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ മുന്‍കരുതല്‍ എടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.വി.ജയശ്രീ അറിയിച്ചു.
റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മഞ്ഞപ്പിത്തരോഗ കേസുകളില്‍ ഭൂരിഭാഗവും വിവാഹച്ചടങ്ങുകളിലും ആഘോഷങ്ങളിലും സത്കാരങ്ങളിലും മറ്റ് ചടങ്ങുകളിലും പങ്കെടുത്ത് പാനീയങ്ങള്‍ ഉള്‍പ്പെടെ ഭക്ഷണ സാധനങ്ങള്‍ കഴിച്ചവരാണ്. ഈ സാഹചര്യത്തില്‍ ഇത്തരം ചടങ്ങുകളില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് രോഗലക്ഷണങ്ങള്‍ കണ്ടാല്‍ തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ വിവരം നല്‍കണം. അടിയന്തരമായി ചികിത്സ തേടുകയും ആരോഗ്യപ്രവര്‍ത്തകരെ വിവരമറിയിക്കുകയും ചെയ്യണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
സ്വയം ചികിത്സയ്ക്ക് വിധേയരാകരുത്. ഇത്തരം ആഘോഷങ്ങളും ചടങ്ങുകളും നടത്തുന്നതിന് ഒരാഴ്ചമുമ്പെ പ്രദേശത്തെ ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിക്കണം. ഭക്ഷണസാധനങ്ങളും പാനീയങ്ങളും തയാറാക്കാൻ ഉപയോഗിക്കുന്ന കുടിവെള്ള സ്രോതസുകള്‍ ഒരാഴ്ച മുമ്പെതന്നെ ശുദ്ധീകരിച്ചു എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
പാകം ചെയ്യുന്നതിനും മറ്റും എടുക്കുന്ന വെള്ളം തികയാതെവരുന്ന സാഹചര്യം ഉണ്ടാകുമ്പോള്‍ സമീപ പ്രദേശങ്ങളിലെ ക്ലോറിനേഷന് നടത്താത്ത കിണറുകളിലെ വെള്ളം യാതൊരു കാരണവശാലും ഉപയോഗിക്കാന്‍ പാടില്ല. അതിനാല്‍ സമീപ പ്രദേശത്തെ കിണറുകള്‍ കൂടി ക്ലോറിനേഷന് നടത്തിയതാണെന്ന് ഉറപ്പുവരുത്തണം.
കഴിക്കാനുപയോഗിക്കുന്ന പാത്രങ്ങള്‍, പ്ലേറ്റുകള്‍, ഗ്ലാസുകള്‍ തുടങ്ങിയവ ചുടുവെള്ളത്തില്‍ കഴുകി വൃത്തിയാക്കണം. ഭക്ഷണപദാര്‍ത്ഥങ്ങള്‍ തയാറാക്കുന്നവര്‍ക്കും കൈകാര്യം ചെയ്യുന്നവര്‍ക്കും അസുഖങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തുകയും വ്യക്തിശുചിത്വത്തിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധചെലുത്തുകയും വേണം.
കൈകള്‍ സോപ്പുപയോഗിച്ച് നല്ലവണ്ണം കഴുകി വൃത്തിയാക്കേണ്ടതാണ്. പനി, വയറുവേദന, ഓക്കാനം, ഛര്‍ദ്ദി, വിശപ്പില്ലായ്മ, വയറിളക്കം, മൂത്രത്തിനു നിറവ്യത്യാസം, കണ്ണിനു മഞ്ഞനിറം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍ .
മുന്‍കരുതലെടുത്ത് മഞ്ഞപ്പിത്തരോഗത്തെ പ്രതിരോധിക്കാം
- തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക
- യാത്രാവേളകളില്‍ കഴിവതും കുടിക്കുവാനുള്ള വെള്ളം കരുതുക
- തണുത്തതും പഴകിയതുമായ ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കുക.
- വ്യക്തി ശുചിത്വം പാലിക്കുക.
- മലമൂത്രവിസര്‍ജ്ജനത്തിനുശേഷം കൈകള്‍ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക.
- തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജ്ജനം നടത്താതിരിക്കുക
- പഴങ്ങളും പച്ചക്കറികളും നല്ലവണ്ണം കഴുകിയതിനുശേഷം മാത്രം ഉപയോഗിക്കുക.
- വിവാഹം, സത്കാരം തുടങ്ങിയ ചടങ്ങുകളിലും മറ്റും കുടിക്കുവാന്‍ ഉപയോഗിക്കുന്ന ഐ
- വെള്ളവും ശുദ്ധമാണെന്ന് ഉറപ്പുവരുത്തുക.
- പാചകം ചെയ്യാന്‍ ഉപയോഗിക്കുന്ന വെള്ളം ശുദ്ധീകരിച്ചതാണെന്ന് ഉറപ്പുവരുത്തുക. .
- രോഗം ബാധിച്ചവരും ഭേദമായവരും ആഹാരപദാര്‍ത്ഥങ്ങള്‍ കൈകാര്യം ചെയ്യാതിരിക്കുക.
- കുടിവെള്ള സ്രോതസുകള്‍ ശുദ്ധീകരിക്കുക
Comments