ജൽശക്തി അഭിയാൻ കേന്ദ്രസംഘം ജില്ല സന്ദർശിച്ചു

കേന്ദ്രസർക്കാരിന്റെ ക്യാച്ച് ദ റയിൻ ക്യാമ്പയിനുമായി ബന്ധപ്പെട്ട് ജൽശക്തി അഭിയാൻ കേന്ദ്രസംഘം കോഴിക്കോട് സന്ദർശിച്ചു. ജലസംരക്ഷണ പ്രവർത്തനങ്ങൾക്കായി കേന്ദ്രസർക്കാർ രൂപവത്കരിച്ച ജൽശക്തി അഭിയാൻ പദ്ധതിയുടെ പ്രവർത്തനം വിലയിരുത്താനാണ് സന്ദർശനം. സാമ്പത്തിക മന്ത്രാലയം ഡി.ഐ.പി.എ.എം ഡയറക്ടർ രാഹുൽ ജെയിൻ, കേന്ദ്ര ഭൂ​ജല ബോർഡിലെ ശാസ്ത്രജ്ഞൻ സി. രാജ്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മൂന്നുദിവസത്തെ സന്ദർശനം ന‌ടത്തുന്നത്. ജില്ലയിലെ ജലസംരക്ഷണ പദ്ധതികൾ നേരിട്ടു കണ്ട് വിലയിരുത്തും.

സന്ദർശനത്തിന്റെ ഭാ​ഗമായി ജില്ലയിലെ ജലസംരക്ഷണ പ്രവർത്തനങ്ങൾ വിലയിരുത്താൻ കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ യോ​ഗം ചേർന്നു. ക്യാച്ച് ദ റയിൻ ക്യാമ്പയിനുമായി ബന്ധപ്പെട്ട വിവരങ്ങൾ ഡി.ഐ.പി.എ.എം ഡയറക്ടർ രാഹുൽ ജെയിൻ വിശദീകരിച്ചു. ക്യാമ്പയിനിന്റെ ഭാ​ഗമായി ജില്ലയിൽ ശാസ്ത്രീയമായ ജലസംരക്ഷണ പദ്ധതികൾ തയ്യാറാക്കും. ജലസംരക്ഷണ പ്രവർത്തനങ്ങൾ വിപുലീകരിക്കാനായി ജലശക്തി കേന്ദ്രം എന്ന പേരിൽ വിജ്ഞാന കേന്ദ്രങ്ങൾ ആരംഭിക്കും. വനവത്കരണം കൂടുതൽ കാര്യക്ഷമമാക്കുകയും ജലസംരക്ഷണത്തിനായി പൊതുജന പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യും.

യോ​ഗത്തിൽ ജലസംരക്ഷണവുമായി ബന്ധപ്പെട്ട വിവിധ ആശയങ്ങളും ആശങ്കകളും ചർച്ച ചെയ്തു. ജില്ലാ കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി ജില്ലയിലെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ജില്ലാ വികസന കമ്മിഷണർ അനുപം മിശ്ര, ജൽശക്തി അഭിയാൻ നോഡൽ ഓഫീസർ ആൻഡ് ഭൂജല വകുപ്പ് ജില്ലാ ഓഫീസർ ജിജോ വി. ജോസഫ്, വിവിധ വകുപ്പ് ഉദ്യോ​ഗസ്ഥർ തുടങ്ങിയവർ പങ്കെ‌ടുത്തു.

Comments

COMMENTS

error: Content is protected !!