KOYILANDILOCAL NEWS
കനത്തമഴ: റോഡുകളിൽ വെള്ളക്കെട്ട്; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്നു
കൊയിലാണ്ടി : ഞായറാഴ്ച രാവിലെ മുതൽ കൊയിലാണ്ടി താലൂക്കിലെങ്ങും കനത്ത മഴ. താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറിത്തുടങ്ങി. ഉൾനാടൻ റോഡുകളിലും വെള്ളം കെട്ടി നിൽക്കുകയാണ്. പുഴകളിലും തോടുകളിലും ശക്തമായ നീരോഴുക്കാണ്. വയൽ പ്രദേശങ്ങളെല്ലാം വെള്ളപ്പൊക്ക ഭീഷണിയിലാണ്. കൊയിലാണ്ടി ബപ്പൻകാട് റെയിൽവേ അടിപ്പാത നിറയെ വെള്ളം കെട്ടി നിൽക്കുകയാണ്.
വെള്ളക്കെട്ട് കാരണം അടിപ്പാത വഴിയുള്ള ഗതാഗതം രണ്ടാഴ്ചയിലധികമായി നിലച്ചിരിക്കുകയാണ്. ദേശീയപാതയിൽ കൊയിലാണ്ടി മീത്തലെ പള്ളിക്ക് സമീപം റോഡരികിൽ വെള്ളം കെട്ടി നിൽക്കുന്നത് വാഹനഗതാഗതത്തിന് ഭീഷണിയാണ്. എല്ലാവർഷവും ഇവിടെ വെള്ളം കെട്ടിനിൽക്കും. ഇതിന് ശാശ്വത പരിഹാരം വേണമെങ്കിൽ ഓവുചാലുകൾ പുതുക്കി നിർമിക്കണം. മഴ കനത്താൽ പല പ്രദേശങ്ങളിലും ആളുകളെ മാറ്റി താമസിപ്പിക്കേണ്ടിവരും. സ്കൂളുകളിലും മറ്റും താത്കാലിക ദുരിതാശ്വസ കേന്ദ്രങ്ങൾ തുടങ്ങുന്നതിന് കോവിഡ് കാരണം പ്രയാസമുണ്ട്. മാറ്റിത്താമസിപ്പിക്കേണ്ട എല്ലാവരെയും ഒരു കേന്ദ്രത്തിൽ ഒന്നിച്ചു താമസിപ്പിക്കുക നിലവിലുള്ള സാഹചര്യത്തിൽ പ്രായോഗികമല്ല. ഇതുകാരണം മാറ്റി താമസിപ്പിക്കേണ്ടവരിൽ പലരും ബന്ധുവീടുകളെ ആശ്രയിക്കേണ്ടി വരും. ഇതിനും സാധിക്കാത്തവരെ ദുരിതാശ്വാസ ക്യാമ്പുകളിൽ പ്രത്യേകമായി താമസിപ്പിക്കേണ്ടിവരും.
കഴിഞ്ഞവർഷം പ്രളയസമയത്ത് ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിച്ച വിദ്യാലയങ്ങളിൽ ഇത്തവണയും ക്യാമ്പുകൾ ഉണ്ടാകും. റവന്യൂ അധികൃതർ ഇതിനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്.
Comments