പ്രണയ പരാജയത്തെ തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പെൺകുട്ടിയ്ക്കെതിരെ പരാതി

തിരുവനന്തപുരം: പ്രണയ പരാജയത്തെ തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പെൺകുട്ടിയ്ക്കെതിരെ പരാതി. നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിലാണ് സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് യുവാവിന്റെ കുടുംബം പരാതി നൽകിയത്. പ്രണയത്തിൽ നിന്നും പെൺകുട്ടി പിന്മാറിയതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് വഴുതൂർ സ്വദേശി മിഥു മോഹൻ (23) ആത്മഹത്യ ചെയ്തത്.
വിവാഹം കഴിക്കാമെന്ന പേരിൽ പെൺകുട്ടി യുവാവിൽ നിന്നും പണം ഉൾപ്പെടെ കൈപ്പറ്റിയെന്നാണ് പരാതി. കഴിഞ്ഞ അഞ്ച് വർഷമായി ഇരുവരും തമ്മിൽ പ്രണയത്തിലാണ്. അഞ്ച് വർഷവും പെൺകുട്ടിയുടെ പഠനചിലവ് വഹിച്ചത് മിഥു മോഹനാണ്. പെൺകുട്ടിയ്ക്ക് മൊബൈൽ ഫോൺ, ലാപ് ടോപ് എന്നിവ യുവാവ് വാങ്ങി നൽകിയിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയ യുവാവിൽ നിന്നും പെൺകുട്ടി ഈ കാലയളവിൽ കൈപ്പറ്റിയെന്നും തുടർന്ന് വഞ്ചിച്ചുവെന്നും പരാതിയിൽ പറയുന്നു.
മിഥുവുമായി പെൺകുട്ടിയുടെ വിവാഹ നിശ്ചയം വരെ കഴിഞ്ഞതാണ്. എന്നാൽ രണ്ട് മാസം മുൻപ് പെൺകുട്ടിയുടെ പെരുമാറ്റത്തിൽ മാറ്റം വന്ന് തുടങ്ങുകയായിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ ദിവസം മിഥുവിന്റെ പിതാവ് പെൺകുട്ടിയുടെ വീട്ടിലെത്തി സംസാരിച്ചു. ഇതിന് ശേഷം പെൺകുട്ടി മിഥുവിനെ ഫോണിൽ വിളിച്ച് ശകാരിക്കുകയും ചത്തൂടെ എന്ന് ചോദിക്കുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് മിഥു ആത്മഹത്യ ചെയ്തത്.