കരിപ്പൂരിൽ ചെരിപ്പിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച കോഴിക്കോട് സ്വദേശി പിടിയിൽ
മലപ്പുറം: ചെരിപ്പിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ആള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍. കോഴിക്കോട് സ്വദേശി മുഹമ്മദ് അനസ് ആണ് അറസ്റ്റിലായിട്ടുള്ളത്. 28 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം ഇയാളില്‍ നിന്ന് പോലീസ് പിടിച്ചെടുത്തു.
ചെരിപ്പിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ച നിലയില്‍ ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസിലാണ് മുഹമ്മദ് അനസ് എത്തിയത്. കസ്റ്റംസിനെ മറികടന്ന് ഇയാള്‍ വിമാനത്താവളത്തിന് പുറത്തെത്തിയപ്പോഴായിരുന്നു പോലീസിന്റെ പരിശോധനയില്‍ കുടുങ്ങിയത്. അനസിന്റെ രണ്ട് ചെരുപ്പിന്റെയും സോളിനുള്ളില്‍ വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. 446 ഗ്രാം സ്വര്‍ണമാണ് കണ്ടെടുത്തത്.
മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ആണ് സ്വര്‍ണം പിടിച്ചെടുത്തത്. പിടിച്ചെടുത്ത സ്വര്‍ണ്ണം കോടതിയില്‍ സമര്‍പ്പിച്ച ശേഷം തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട് കസ്റ്റംസിന് കൈമാറുമെന്ന് പോലീസ് അറിയിച്ചു. കരിപ്പൂരില്‍ മൂന്നാഴ്ചയ്ക്കിടെ പോലീസ് പിടിക്കുന്ന ഏഴാമത്തെ സ്വര്‍ണക്കടത്ത് കേസാണിത്.