CALICUTDISTRICT NEWS
മുപ്പതിലധികം കുട്ടികൾക്ക് ഒരേ സമയം നീന്തൽ പരിശീലനം നടത്താനായി നടക്കാവിൽ പുതിയ ബേബി പൂൾ വരുന്നു


കോഴിക്കോട് :മുപ്പതിലധികം കുട്ടികൾക്ക് ഒരേ സമയം നീന്തൽ പരിശീലനം നടത്താനായി നടക്കാവിൽ പുതിയ ബേബി പൂൾ വരുന്നു. നിലവിലുള്ള വീതി കുറഞ്ഞ സ്വിമ്മിംഗ് പൂളിൽ കൂടുതൽ കുട്ടികൾക്ക് നീന്തൽ പഠിക്കാനുള്ള സൗകര്യമില്ലാത്തതിനാലാണ് പുതിയ ബേബി പൂൾ നിർമ്മിക്കുന്നത്. മൂന്നര വയസ്സ് മുതലുള്ള കുട്ടികളാണ് ബേബി പൂളിൽ നിന്നും നീന്തൽ പരിശീലിക്കുക. ബേബി പൂളിൽ പരിശീലനം ലഭിച്ചവർക്ക് അടുത്തഘട്ടത്തിൻ്റെ ഭാഗമായി വലിയ സ്വിമ്മിംഗ് പൂളിൽ നീന്തൽ പരിശീലനം നൽകും.

ജില്ലാ സ്പോർട്സ് കൗൺസിലിൻ്റെ നടക്കാവിലെ സ്വിമ്മിംഗ് പൂളിലാണ് പുതിയ ബേബി പൂളും നിർമ്മിക്കുന്നത്. ഇതിനായി കോഴിക്കോട് നോർത്ത് എം എൽ എ തോട്ടത്തിൽ രവീന്ദ്രൻ്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 21 ലക്ഷം രൂപ വകയിരുത്തി. ടെണ്ടർ നടപടികൾ പൂർത്തിയായ പദ്ധതി മൂന്നു മാസം കൊണ്ട് പണി പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.

ബേബി പൂളിൻ്റെ പ്രവൃത്തി ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 21) രാവിലെ 10 മണിക്ക് നടക്കാവിലെ നീന്തൽ പരിശീലന കേന്ദ്രത്തിൽ നടക്കും. തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ പ്രവൃത്തി ഉദ്ഘാടനം നിർവഹിക്കും. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ രാജഗോപാൽ അധ്യക്ഷത വഹിക്കും. സ്പോർട് കൗൺസിൽ ഭാരവാഹികൾ ഉൾപ്പടെ ചടങ്ങിൽ പങ്കെടുക്കും.
Comments