‘കനിവ് 108’ ആംബുലൻസ് പ്രവർത്തനം തുടങ്ങി

ഫറോക്ക്:  അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ‘കനിവ് 108’ ജീവൻരക്ഷാ ആംബുലൻസുകളുടെ സേവനം ജില്ലയിൽ ആരംഭിച്ചു. കടലുണ്ടി ചാലിയത്ത് നടന്ന ചടങ്ങിൽ  മന്ത്രി കെ കെ ശൈലജ ഫ്ലാഗ് ഓഫ് ചെയ്തു. വി കെ സി മമ്മദ്‌കോയ എംഎൽഎ അധ്യക്ഷനായി. ജില്ലക്ക്‌ 31 ആംബുലൻസുകളാണ് സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുള്ളത്. ഇതിൽ 16 എണ്ണം എത്തി. ഇതിലൊന്ന് ബേപ്പൂർ നിയോജക മണ്ഡലത്തിന് മാത്രമായി ഫറോക്ക് താലൂക്കാശുപത്രി കേന്ദ്രീകരിച്ച് പ്രവർത്തിക്കും. മറ്റുള്ളവ ജില്ലയിലെ വിവിധ താലൂക്കാശുപത്രികൾ, മെഡിക്കൽ കോളേജ്, ബീച്ചാശുപത്രി, മറ്റു പ്രധാന ആരോഗ്യ കേന്ദ്രങ്ങൾക്കു കീഴിലും പ്രവർത്തിക്കും. മറ്റുള്ളവയും വൈകാതെ എത്തുമെന്ന് മന്ത്രി അറിയിച്ചു.
ആധുനിക സജ്ജീകരണങ്ങളടങ്ങിയ ജീവൻരക്ഷാ ആംബുലൻസുകളിൽ പ്രത്യേക പരിശീലനം നേടിയ എമർജൻസി മെഡിക്കൽ ടെക്നീഷ്യനും ഡ്രൈവറുമാണുള്ളത്. ആംബുലൻസിന്റെ സേവനം ലഭിക്കാൻ 108 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടണം.
തൊട്ടടുത്തു നിന്നാണെങ്കിലും നേരിട്ടെത്തി ആംബുലൻസ് വിളിക്കാനാകില്ല. പ്രത്യേകമായി തയാറാക്കിയ കോൾ സെന്റർ സംവിധാനത്തിലൂടെ അപകടസ്ഥലം തിരിച്ചറിഞ്ഞ് നിമിഷങ്ങൾക്കകം ആംബുലൻസ് സ്ഥലത്തെത്തും. രോഗിയെ ആശുപത്രിയിൽ എത്തിക്കുകയും ആവശ്യമെങ്കിൽ അടിയന്തര ശുശ്രൂഷയും നൽകും. അപകടങ്ങളിൽപ്പെടുന്നവരുടെ ജീവൻരക്ഷ മുൻനിർത്തിയാണ് കനിവ് 108 ന്റെ സേവനം ക്രമീകരിച്ചിരിക്കുന്നത്.
Comments

COMMENTS

error: Content is protected !!