പൊലീസ് ഉദ്യോഗസ്ഥരുടെ വിഐപി ഡ്യൂട്ടിയിൽ നിർദേശങ്ങളുമായി ക്രമസമാധാന ചുമതലയുള്ള എഡിജിപി
തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥരുടെ വിഐപി ഡ്യൂട്ടിയിൽ നിർദേശങ്ങളുമായി ക്രമസമാധാന ചുമതലയുള്ള എഡിജിപി. വിഐപി ഡ്യൂട്ടിയിൽ റോട്ടേഷൻ വേണമെന്ന് എഡിജിപി, എംആർ അജിത് കുമാർ. ഇനിമുതൽ ഫ്രൈഡേ പരേഡ് നിർബന്ധമാക്കണമെന്നും എഡിജിപിയുടെ നിർദേശത്തിലുണ്ട്.
ഒരുമാസത്തിൽ കൂടുതൽ തുടർച്ചയായി വി ഐ പി ഡ്യൂട്ടി ഉണ്ടാവില്ല. വി ഐ പി സുരക്ഷയിലും അട്ടിമറി തടയാനുള്ള പരിശോധനയിലും ക്ലാസ് നൽകണം. രണ്ട് മണിക്കൂർ ആയുധ പരിശീലനം നൽകണം എന്നിവയും എഡിജിപിയുടെ നിർദേശത്തിലുൾപ്പെടുന്നു.
മന്ത്രി മന്ദിരങ്ങളിലെ ഗാർഡ് ഡ്യൂട്ടിയിലുള്ള സേനാംഗങ്ങളെ സെക്രട്ടറിയേറ്റ്, രാജ്ഭവൻ, ഹൈക്കോടതി എന്നിവിടങ്ങളിൽ റൊട്ടേഷൻ അടിസ്ഥാനത്തിൽ എല്ലാ മാസവും മാറ്റി നിയോഗിക്കണം, യാതൊരു കാരണവശാലും സേനാംഗങ്ങളെ വിഐപി സെക്യൂരിറ്റി ഗാർഡ് ഉൾപ്പടെയുള്ള ഒരു ഗാർഡ് ഡ്യൂട്ടിയിലും ഒരു മാസത്തിൽ കൂടുതൽ തുടർച്ചയായി ഡ്യൂട്ടിക്ക് നിയോഗിക്കാൻ പാടില്ല എന്നിവയാണ് സെർക്കുലറിലെ പ്രധാന നിർദ്ദേശങ്ങൾ. വിഐപി ഡ്യൂട്ടിയുള്ള ആർആർആർഎഫ് സംഘം ദിനംപ്രതിയുള്ള ഡ്യൂട്ടിയിൽ വീഴ്ച വരുത്തുന്നതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.