ഇടുക്കി: അനര്‍ട്ടിന്റെ സ്വപ്നപദ്ധതിയായ അക്ഷയ ഊര്‍ജ പാര്‍ക്കിനായുള്ള പ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍. രാമക്കല്‍മേട് ആമപ്പാറയില്‍ സൗരോര്‍ജത്തില്‍നിന്നും കാറ്റില്‍നിന്നും ഒരേസമയം വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനായാണ് പദ്ധതി ആരംഭിച്ചത്. ആദ്യഘട്ട പദ്ധതിയായ സോളാര്‍ പാടത്തിന്റെ അറ്റകുറ്റ പണികള്‍ കൃത്യസമയത്ത് നടത്താത്തതിനാലാണ് പാര്‍ക്ക് കാടുകയറി നശിക്കുന്നത്.
ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിടുമ്പോഴും കാറ്റാടി സ്ഥാപിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിന്റെ പഠനങ്ങള്‍ നടന്നുകഴിഞ്ഞിട്ടില്ല. പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 12 കോടി രൂപയാണ് വകയിരുത്തിയത്. ഒരു ദിവസം സോളാര്‍ പാനല്‍ ഉപയോഗിച്ച് 2000 യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കലാണ് പദ്ധതിയുടെ ലക്ഷ്യം. 325 വാട്ട് ശേഷിയുള്ള 3042 ഇന്ത്യന്‍ നിര്‍മിത സോളാര്‍ പാനലുകളാണ് നാലേക്കറോളം വരുന്ന സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.