എല്ലാ ആശുപത്രികളിലും ഇനി മുതല്‍ പണ രഹിത ചികിത്സ ലഭിക്കും
തിരുവനന്തപുരം: എല്ലാ ആശുപത്രികളിലും ഇനി മുതല്‍ പണ രഹിത ചികിത്സ ലഭിക്കും. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനികളുമായി കൂടിയാലോചിച്ച് എല്ലാ ആശുപത്രികളിലും പണരഹിത ചികിത്സ വ്യാപിപ്പിക്കുന്നതിനായി ‘ക്യാഷ്ലെസ് എവരിവേര്‍’ എന്ന പേരിലാണ് പുതിയ പദ്ധതി നടപ്പാക്കിയത്.
നിലവില്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ നെറ്റ്വര്‍ക്കിലുള്ള ആശുപത്രികളില്‍ മാത്രമേ പോളിസി ഉടമയ്ക്ക് പണരഹിത ചികിത്സ ലഭിക്കുന്നുള്ളൂ. നെറ്റ്വര്‍ക്കില്‍ ഇല്ലാത്ത ആശുപത്രിയിലാണ് ചികിത്സിക്കുന്നതെങ്കില്‍ പോളിസി ഉടമ മുഴുവന്‍ തുകയും ആശുപത്രിയില്‍ നല്‍കുകയും പിന്നീട് ഈ തുക ക്ലെയിം സമര്‍പ്പിച്ച് റീഇംബേഴ്സ്മെന്റ് വഴി നേടാനാകും. ഇതിനുള്ള നടപടിക്രമങ്ങള്‍ എല്ലാം പോളിസി ഉടമകളും പാലിക്കണമായിരുന്നു. എന്നാല്‍ ഇനി എല്ലാ ആശുപത്രികളിലും പണ രഹിത ചികിത്സ ലഭ്യമാക്കുകയാണ്.
എല്ലാ ജനറൽ-ഹെൽത്ത് ഇൻഷുറൻസ് കമ്പനികളുമായും സംയുക്തമായി എടുത്ത തീരുമാനമാണിതെന്ന് ജിഐസി വ്യക്തമാക്കി. ആരോഗ്യ ഇൻഷുറൻസ് കമ്പനികൾ അവരുമായി ബന്ധമുള്ള ആശുപത്രി ശൃംഖലയിലേക്ക് മാത്രമാണ് പണരഹിത സൗകര്യം മുമ്പ് നൽകിയിരുന്നത്. ക്യാഷ്‌ലെസ് സൗകര്യം ലഭ്യമാകുന്നതിനായി പോളിസി ഹോൾഡർമാർ 48 മണിക്കൂർ മുമ്പെങ്കിലും നടപടിക്രമങ്ങളും എമർജൻസി ഹോസ്പിറ്റലൈസേഷനും ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇൻഷുറൻസ് കമ്പനിയെ അറിയിച്ചിരിക്കണം.