ലൈഫ് ഉൾപ്പെടെ ഭവന നിർമ്മാണ പദ്ധതികളിലെ വീടുകൾക്ക് ബ്രാൻഡിംഗ് നിർബന്ധമായും നൽകണമെന്ന് കേന്ദ്രം

പാലക്കാട്: ലൈഫ് ഉൾപ്പെടെ ഭവന നിർമ്മാണ പദ്ധതികളിലെ വീടുകൾക്ക് ബ്രാൻഡിംഗ് നിർബന്ധമായും നൽകണമെന്ന് കേന്ദ്ര ഭവനനിർമ്മാണ നഗരകാര്യമന്ത്രി ഹർദീപ് സിംഗ് പുരി. വലിയ ബോർഡല്ല, ലോഗോ വയ്‌ക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും കേരളത്തിന്റെ ആരോപണം രാഷ്‌ട്രീയ പ്രേരിതമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ലൈഫ് അടക്കം ഭവന നിർമ്മാണ പദ്ധതികൾ വഴി നൽകുന്ന വീടുകൾക്ക് ബ്രാൻഡിംഗ് നൽകാൻ ഉദ്ദേശിക്കുന്നില്ലെന്ന വാദവുമായി കേരളം രംഗത്ത് എത്തിയത്. കേന്ദ്ര സഹായത്തോടെ പൂർത്തിയാക്കുന്ന വീടുകൾക്ക് പ്രത്യേകം ലോഗോ വേണമെന്ന കേന്ദ്ര നിർദ്ദേശം അംഗീകരിക്കാൻ ആവില്ലെന്നും എല്ലാ ഭവന നിർമ്മണ പദ്ധതികളും ഒരൊറ്റ കുടക്കീഴിലാക്കിയാണ് സംസ്ഥാന സർക്കാർ ലൈഫ് മിഷൻ എന്ന ഒറ്റ പദ്ധതി ആവിഷ്‌കരിച്ചത് എന്നുമായിരുന്നു കേരളത്തിന്റെ വാദം. എന്നാൽ കേരളത്തിന്റെ ഈ ആരോപണത്തിനെതിരെയാണ് ശക്തമായ നിലപാടുമായി കേന്ദ്രസർക്കാർ ഇപ്പോൾ രംഗത്തുവന്നിരിക്കുന്നത്.

2023 ഒക്ടോബർ 31 വരെ ലൈഫ് മിഷന് കീഴിൽ സംസ്ഥാനത്ത് 3,56,108 വീടുകളാണ് പൂർത്തീകരിച്ചത്. ഇതിൽ പ്രധാനമന്ത്രി ആവാസ് യോജന അർബൻ വിഭാഗത്തിൽ 79,860 വീടും ഗ്രാമീണ വിഭാഗത്തിൽ 32,171 വീടുമുണ്ട്. അർബൻ വിഭാഗത്തിൽ 1,50,000 വും ഗ്രാമീണ വിഭാഗത്തിൽ 72,000 ഉം ആണ് കേന്ദ്ര വിഹിതം. കേന്ദ്രത്തിൽ നിന്ന് പണം വാങ്ങിയെടുത്ത് സംസ്ഥാനം, പദ്ധതിയുടെ പേര് മാറ്റി അവതരിപ്പിക്കുന്നതിനിടെയാണ് ബ്രാൻഡിംഗ് നിർബന്ധമായും നൽകണമെന്ന് കേന്ദ്ര സർക്കാർ സംസ്ഥാനത്തെ അറിയിച്ചത്.

Comments
error: Content is protected !!