
തിരുവനന്തപുരം: അട്ടപ്പാടിയിലെ ആദിവാസി ഭൂമി വ്യാജരേഖയുണ്ടാക്കി തട്ടിയെടുക്കുന്നത് സംബന്ധിച്ച് കെ കെ രമ എംഎല്‍എ നിയമസഭ സ്പീക്കര്‍ എ എന്‍ ഷംസീറിന് റിപ്പോര്‍ട്ട് നല്‍കി. കെ കെ രമ എംഎല്‍എയുടെ നേത്യത്വത്തില്‍ ആദിവാസി-ദലിത് -പൗരവകാശ പ്രസ്ഥാനങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന വസ്തുതാന്വേഷണ സംഘം 2023 നവംബര്‍ 13നാണ് അട്ടപ്പാടി സന്ദര്‍ശിച്ചത്.
ഷോളയൂര്‍ പഞ്ചായത്തിലെ കോട്ടത്തറ വില്ലേജിലെ അധ്വാനപ്പെട്ടി ഭാഗത്തുള്ള സര്‍വേ നമ്പര്‍ 1275, 1819 എന്നീ മേഖലകളിലെ റവന്യൂ ഭൂമിയും, വനഭൂമിയും, ആദിവാസികള്‍ക്ക് പതിച്ചു നല്‍കിയ ഭൂമിയിലുമുള്ള കൈയേറ്റങ്ങള്‍ വസ്താന്വേഷണ സംഘം നിരീക്ഷിച്ച് വിശദമായ തെളിവെടുപ്പ് നടത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. നിരവധി ആദിവാസികള്‍ എംഎല്‍എക്ക് പരാതി നല്‍കിയിരുന്നു. 1999 മുതല്‍ സര്‍ക്കാര്‍ വിതരണം ചെയ്തത് പട്ടയ കടലാസ് മാത്രമാണെന്നും ആദിവാസികള്‍ മൊഴി നല്‍കി.
2010-ന് മുമ്പുള്ള വര്‍ഷങ്ങളില്‍ സര്‍വേ നമ്പര്‍ 1275, 1273 എന്നിവയില്‍ കാറ്റാടിപ്പാടങ്ങള്‍ക്ക് വേണ്ടി കൈയേറ്റം നടന്ന സ്ഥലങ്ങളിലാണ് വീണ്ടും ഭൂമി കൈയേറ്റം നടക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. അധ്വാനപ്പെട്ടി ഭാഗത്തുള്ള കുന്നില്‍ പ്രദേശങ്ങളിലും താഴ്വാരങ്ങളിലുമുള്ള മുഴുവന്‍ മരങ്ങളും ജൈവസമ്പത്തും മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൂര്‍ണമായും നീക്കം ചെയ്ത് ഏതാണ്ട് 100 ഓളം ഏക്കറില്‍ കൈയേറ്റം നടത്തിയതായി ബോധ്യപ്പെട്ടു. ഇവിടെ ‘സഞ്ജീവനി അഗ്രോ ഓര്‍ഗാനിക്ഫാം’ എന്നപേരില്‍ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നു. ഇത് സര്‍വേ നമ്പര്‍ 1819 ലുള്ള ഭൂമിയാണ്.
സര്‍വേ നമ്പര്‍ 1275-ല്‍ സംരക്ഷിക്കപ്പെട്ടു വന്നിരുന്ന 42 ഏക്കര്‍ വരുന്ന വനഭൂമി പൂര്‍ണമായും വെട്ടി നീക്കയതായും കണ്ടു. 1275-ലെ സര്‍വേ നമ്പറിന്റെ എല്ലാഭാഗങ്ങളിലേക്കും സഞ്ചരിക്കാന്‍ കഴിയും വിധം കൈയേറ്റക്കാര്‍ റോഡുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. സര്‍വെ നമ്പര്‍ 1275-നോട് ചേര്‍ന്ന് കിടക്കുന്ന 1819 എന്ന സര്‍വെ നമ്പര്‍ 1999-മുതല്‍ വിവിധഘട്ടങ്ങളിലായി ആദിവാസികള്‍ക്ക് പതിച്ച് പട്ടയം നല്‍കിയ ഭൂമിയാണ്.
ഈ സര്‍വേ നമ്പറില്‍പ്പെട്ട ഭൂപ്രദേശം ഏറെക്കുറെ മുഴുവനും അടിക്കാടും മരങ്ങളും വെട്ടിനീക്കി റോഡുകള്‍ നിര്‍മിക്കുകയും കൈയേറ്റക്കാര്‍ കൈവശപ്പെടുത്തിയതായും കണ്ടു. കൈയേറ്റത്തിന്റെ സ്വഭാവം വച്ചുനോക്കുമ്പോള്‍, വന്‍ നിക്ഷേപകരുടെ പിന്‍ബലത്തോടെ ഭരണാധികാരികളെയോ നിയമങ്ങളെയോ വകവെക്കാതെ നടക്കുന്ന കൈയേറ്റങ്ങളാണെന്ന് വ്യക്തമാണ്.
ബോര്‍ഡുകള്‍ ഉള്‍പ്പെടെ സ്ഥാപിച്ച് നിര്‍ഭയം നടക്കുന്ന കൈയേറ്റമാണിത്. 2010-കാലഘട്ടങ്ങളിലെ ഉന്നതതല അന്വേഷണവും 2013-ലെ വിജിലന്‍സ് അന്വേഷണവും പുറത്തു കൊണ്ടുവന്നതുപോലെ വ്യാജ ആധാരങ്ങളും രേഖകളും ഉപയോഗിച്ചു കൊണ്ടുള്ള കൈയേറ്റങ്ങളാണ് ഇവിടെ നടക്കുന്നത്.
അഗളി സബ് രജിസ്ട്രാര്‍ ഓഫീസിലും, റവന്യൂ ഓഫീസുകളിലും, ലാന്റ് ട്രൈബ്യൂണലിലും, ആധാരം എഴുത്ത് ഓഫീസുകളിലും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നിയമവിരുദ്ധ സംവിധാനം അട്ടപ്പാടിയില്‍ ശക്തമായി പ്രവര്‍ത്തിക്കുന്നു. ആദിവാസി ഭൂമിക്ക് വ്യാജരേഖയുണ്ടാക്കി നല്‍കുന്ന സംഘം നിലവിലുണ്ട്. വര്‍ഷങ്ങളായി ആദിവാസികള്‍ കരമടച്ച് കൃഷിചെയ്യുന്ന ഭൂമിയിലും, 1975 ലെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചെടുക്കാനുള്ള നിയമവുമായി ആര്‍ഡിഒ. ഓഫീസില്‍ വ്യവഹാരം നടക്കുന്ന ടിഎല്‍എ കേസ് ഭൂമിയിലും വ്യാജ ആധാരങ്ങള്‍ വ്യാപകമായി ഈ സംഘം നിര്‍മിച്ചിരിക്കുന്നു.
ഈ വ്യാജ ആധാരങ്ങള്‍ ഉപയോഗിച്ച് സിവില്‍ കോടതിയെ സമീപിച്ച് പൊലീസ് സംരക്ഷണം തേടിയാണ് കൈയേറ്റക്കാര്‍ പ്രത്യക്ഷപ്പെടുന്നത്. അട്ടപ്പാടിയിലെ പൊലീസ് ആദിവാസികള്‍ക്ക് എതിരാണ്. ആദിവാസികള്‍ നല്‍കുന്ന പരാതി പോലും പൊലീസ് സ്വീകരിക്കുന്നില്ല.
കേരളത്തിന് അകത്തും പുറത്തും രജിസ്റ്റര്‍ ചെയ്ത നിരവധി ട്രസ്റ്റുകള്‍ നൂറുകണക്കിന് ഏക്കര്‍ ഭൂമി സ്വന്തമാക്കിയിരിക്കുന്നു. ഭൂപരിധി ലംഘിച്ച്, നിയമവിരുദ്ധമായി എങ്ങിനെ വിദൂരദേശങ്ങളിലെ ട്രസ്റ്റുകളുടെ കൈയില്‍ ആദിവാസി ഭൂമി എത്തിച്ചേര്‍ന്നതെന്ന് രജിസ്‌ട്രേഷന്‍ വകുപ്പും റവന്യൂ വകുപ്പും പ്രത്യേകം അന്വേഷിക്കണം. ഉന്നതതല സമിതി റിപ്പോര്‍ട്ടുകളും, വിജിലന്‍സ് റിപ്പോര്‍ട്ടുകളും നടപ്പാക്കുന്നത് മരവിപ്പിക്കപ്പെട്ട സാഹചര്യത്തിലാണ് നിയമവാഴ്ച തകര്‍ക്കപ്പെട്ടിരിക്കുന്നത്.
സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിജസ്ഥിതി പരിശോധിച്ച് യുക്തമായ നടപടി നിര്‍ദേശിക്കാനും ആദിവാസി ഭൂമിയും, വനഭൂമിയും, സര്‍ക്കാര്‍ ഭൂമിയും സംരക്ഷിക്കാനും അട്ടപ്പാടി കോട്ടത്തറ വില്ലേജിലെ സര്‍വെ നമ്പര്‍ 1275, 1819 എന്നീ സര്‍വെ നമ്പരുകളില്‍ നടക്കുന്ന കൈയേറ്റത്തെ സംബന്ധിച്ച് അന്വേഷിക്കാന്‍ നിയമസഭാ സമിതിയെ ചുമതലപ്പെടുത്താന്‍ സ്പീക്കര്‍ യുക്തമായ നടപടി സ്വീകരിക്കണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. ഗോത്രമഹാസഭ നേതാവ് എം ഗീതാനന്ദനും കെ പി പ്രകാശനവും റിപ്പോര്‍ട്ട് കൈമാറുമ്പോള്‍ എംഎല്‍എക്കൊപ്പം ഉണ്ടായിരുന്നു.