അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങ് പൂര്‍ത്തിയായി

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത ഭൂമിയില്‍ നിര്‍മാണം പുരോഗമിക്കുന്ന രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങ് പൂര്‍ത്തിയായി. ഉച്ചക്ക് 11.30തോടെ ആരംഭിച്ച പ്രാണപ്രതിഷ്ഠാ ചടങ്ങ് 12.40ന് പൂര്‍ത്തിയായി. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങില്‍ കാശിയിലെ ഗണേശ്വര്‍ ശാസ്ത്രി ദ്രാവിഡിന്റെ മേല്‍നോട്ടത്തില്‍ വേദപണ്ഡിതന്‍ ലക്ഷ്മികാന്ത് ദീക്ഷിത് മുഖ്യ കാര്‍മികത്വം വഹിച്ചു.

മോദിയെ കൂടാതെ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവത്, വാരാണസിയില്‍ നിന്നുള്ള പുരോഹിതന്‍ ലക്ഷ്മി കാന്ത് ദീക്ഷിത് എന്നിവരാണ് ക്ഷേത്ര ശ്രീകോവിലില്‍ പ്രവേശിച്ചത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ജനങ്ങള്‍ അയോധ്യയിലേക്ക് എത്തിച്ചേര്‍ന്നിട്ടുണ്ടെങ്കിലും രാഷ്ട്രീയ നേതാക്കള്‍, വ്യവസായ പ്രമുഖര്‍, കലാ-കായിക രംഗത്തെ താരങ്ങള്‍, വിദേശരാഷ്ട്ര പ്രതിനിധികള്‍ എന്നിവരുള്‍പ്പെടെ പ്രത്യേക ക്ഷണിതാക്കളായ എണ്ണായിരത്തോളം പേര്‍ക്ക് മാത്രമാണ് ചടങ്ങിലേക്ക് പ്രവേശനം ലഭിച്ചത്. രാഷ്ട്രപതി ദ്രൗപതി മുര്‍മു, ഉപരാഷ്ട്രപതി ജഗ് ദീപ് ധന്‍കര്‍ എന്നിവര്‍ക്ക് ക്ഷണമുണ്ടെങ്കിലും പങ്കെടുത്തില്ല.

ആചാരലംഘനം ചൂണ്ടിക്കാട്ടി രണ്ട് ശങ്കരാചാര്യന്മാരും മതപരമായ പരിപാടി ബി ജെ പി രാഷ്ട്രീയവത്കരിച്ചെന്ന് ആരോപിച്ച് കോണ്‍ഗ്രസും സി പി എമ്മും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷി നേതാക്കളും ക്ഷണം നിരസിച്ചിരുന്നു. പൊതുജനങ്ങള്‍ക്ക് ചൊവ്വാഴ്ച മുതലാണ് ക്ഷേത്ര പ്രവേശനം അനുവദിക്കുകയെന്ന് ശ്രീരാം ജന്മഭൂമി തീര്‍ഥ് ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് അറിയിച്ചു.

Comments
error: Content is protected !!