ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടർ ഫെസ്റ്റ്  ഉത്സവമാക്കാനൊരുങ്ങി ജില്ല


ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിൻ്റെ പ്രചാരണത്തിൻ്റെ ഭാഗമായി കോഴിക്കോട് ബീച്ചിലും ബേപ്പൂരിലും ഒരുക്കിയിരിക്കുന്നത് വിപുലമായ കലാ- കായിക മത്സരങ്ങൾ ഉൾപ്പെടെ വൈവിധ്യമാർന്ന പരിപാടികൾ.  ഡിസംബര്‍ 18ന് പ്രചരണ കായിക മത്സരങ്ങൾക്ക് തുടക്കമാവും.  18ന് വൈകീട്ട് നാല് മണിക്ക്  കോഴിക്കോട് ബീച്ചിൽ നടക്കുന്ന വോളി ബോൾ മത്സരത്തിൽ പ്രമുഖ ടീമുകൾ പങ്കെടുക്കും. രണ്ട് പുരുഷ ടീമുകളും നാല് വനിത ടീമുകളും മാറ്റുരയ്ക്കും.

 20 ന് വൈകീട്ട് അഞ്ച് മണിക്ക് കോഴിക്കോട് ബീച്ചില്‍ കബഡി മത്സരം അരങ്ങേറും. പുരുഷ- വനിതാ വിഭാഗങ്ങളിലായി നാലു വീതം ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. രണ്ട് മത്സരങ്ങളിലെയും വിജയികൾക്ക് ഒന്നാം സമ്മാനം 8000 രൂപയും രണ്ടാം സമ്മാനം 4000 രൂപയും വീതം നൽകും.21ന് വൈകിട്ട് അഞ്ചിന്‌ സെപക് താക്രോ മത്സരവും 23 ന് ഫുട്ബോൾ മത്സരവും നടക്കും.  ഫെസ്റ്റിൻ്റെ പ്രചാരണത്തിൻ്റെ ഭാഗമായി ഡിസംബർ 23ന് രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചക്ക് 12 വരെ ബേപ്പൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമായി ചിത്രരചന മത്സരവും സംഘടിപ്പിക്കും.

24ന് രാവിലെ 6.30ന് കോഴിക്കോട് ബീച്ച് മുതല്‍ ബേപ്പൂര്‍ വരെ മിനി മാരത്തോണും സംഘടിപ്പിക്കുന്നുണ്ട്. മിനി മാരത്തോണിലെ വിജയികൾക്ക് ഒന്നാം സമ്മാനം 7000 രൂപയും രണ്ടാം സമ്മാനം 5000 രൂപയും മൂന്നാം സമ്മാനം 3000 രൂപയുമാണ്. കൂടാതെ പ്രോത്സാഹന സമ്മാനമായി അഞ്ച് പേര്‍ക്ക് 1000 രൂപ വീതവും നല്‍കും. ഫെസ്റ്റിനോടു ബന്ധിച്ച് ബേപ്പൂരും കോഴിക്കോടും ആകർഷകമായ ദീപാലങ്കാരവും ഒരുക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് വിപുലമായ ഘോഷയാത്രയും അരങ്ങേറും. പരിപാടികൾ വൻ വിജയമാക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ.

Comments
error: Content is protected !!