ഹിന്ദി ഹൃദയഭൂമിയില്‍ നാലില്‍ മൂന്നും ബിജെപിക്ക്, കോണ്‍ഗ്രസിന് തെലങ്കാനമാത്രം
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മൂന്നിടത്ത് ബിജെപി തിളങ്ങും വിജയത്തിലേക്ക്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ മധ്യപ്രദേശിലും രാജസ്ഥാനിലും ലീഡ് നിലനിര്‍ത്തിയ ബിജെപി രണ്ടിടത്തും മികച്ച ഭൂരിപക്ഷത്തോടെ അധികാരമുറപ്പിച്ചു. തെലങ്കാനയില്‍ ബിആര്‍എസിനെ വീഴ്ത്തി മിന്നും ജയം നേടാനായത് മാത്രമാണ് കോണ്‍ഗ്രസിന് ആശ്വാസം. ഭരണത്തുടര്‍ച്ച പ്രതീക്ഷിച്ച് ആത്മവിശ്വാസത്തോടെ കോണ്‍ഗ്രസ് മത്സരിക്കാനിറങ്ങിയ ഛത്തീസ്ഗഡും ജനം പാര്‍ട്ടിയെ കൈവിട്ടു.
എവിടെയും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളെ മുന്‍കൂട്ടി പ്രഖ്യാപിക്കാതെ മോദി പ്രഭാവം പ്രചാരണായുധമാക്കിയ ബിജെപി തന്ത്രം ലക്ഷ്യം കണ്ടു. രാജസ്ഥാന്‍ അടക്കം സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രി സ്ഥാനം സ്വപ്നം കാണുന്ന നേതാക്കളെ എല്ലാവരെയും ഒപ്പം നിര്‍ത്താനായതാണ് ബിജെപിക്ക് വലിയ നേട്ടമായത്. രാജസ്ഥാനിലെ കോണ്‍ഗ്രസ് തമ്മിലടിയും ഭരണവിരുദ്ധ വികാരവും ബിജെപിക്ക് നേട്ടമായി. ഭരണത്തുടര്‍ച്ചയെന്ന പ്രതീക്ഷയിലായിരുന്നുവെങ്കിലും ഛത്തീസ്ഗഡും കോണ്‍ഗ്രസിനെ കൈവിട്ടു. മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ അടക്കമുള്ളവരെ പിന്നിലാക്കിയാണ് ബി ജെ പിയുടെ കുതിപ്പ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജനം വോട്ട് ചെയ്തുവെന്നായിരുന്നു ഛത്തീസ്ഗഡ് ബിജെപി നേതാവ് രമണ്‍ സിങ്ങ് പ്രതികരിച്ചത്.