75 രൂപയ്ക്ക് നാലുപേര്‍ക്ക് സിനിമ കാണാം: സര്‍ക്കാര്‍ ഒടിടി ‘സി സ്പേസി’ല്‍ ചാര്‍ജ് കുറച്ചു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഒടിടി പ്ലാറ്റ്ഫോമായ ‘സി സ്പേസി’ല്‍ ചാര്‍ജ് കുറച്ചു. ഒരു സിനിമയ്ക്ക് 100 രൂപ എന്നത് 75 രൂപയാക്കി. 75 രൂപയ്ക്ക് നാലുപേര്‍ക്ക് സിനിമ കാണാം. നാല് യൂസര്‍ ഐഡികളും അനുവദിക്കും. മൊബൈല്‍, ലാപ്ടോപ്/ ഡെസ്ക്ക്ടോപ് എന്നിവ തെരഞ്ഞെടുക്കാം.
ചലച്ചിത്ര വികസന കോര്‍പറേഷന്റെ നേതൃത്വത്തിലാണ് സി സ്പേസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. രാജ്യത്തെ ആദ്യ സര്‍ക്കാര്‍ ഒടിടിയാണിത്. ആദ്യഘട്ടത്തില്‍ 100 മണിക്കൂര്‍ കണ്ടന്റ് തയ്യാറാക്കിയതായി ചലച്ചിത്ര വികസന കോര്പറേഷന് എംഡി കെ വി അബ്ദുള്‍ മാലിക് പറഞ്ഞു. ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും.
ഒടിടിയുടെ പ്രിവ്യൂ ബുധനാഴ്ച നിള തിയറ്ററില്‍ നടന്നു. മന്ത്രി സജി ചെറിയാന് അവലോകനം ചെയ്തു. തിയറ്റര്‍ റിലീസിങ്ങിനുശേഷമായിരിക്കും സിനിമകള്‍ ഒടിടിയിലേക്ക് എത്തുക. ഈ സംവിധാനം സംസ്ഥാനത്തെ തിയറ്റര്‍ വ്യവസായത്തെ യാതൊരു രീതിയിലും ബാധിക്കില്ല.
പ്രേക്ഷകന്റെ ഇഷ്ടപ്രകാരം തെരഞ്ഞെടുക്കുന്ന ചിത്രങ്ങള്‍ക്ക് മാത്രം തുക നല്കുന്ന സൗകര്യമായതിനാല്‍ ഇതിലേക്ക് സിനിമ നല്കുന്ന ഓരോ നിര്‍മാതാവിനും പിന്നീടുള്ള വര്‍ഷങ്ങളില്‍ ഇതിന്മേലുള്ള വരുമാനത്തിന്റെ ഒരു ഭാഗം ലഭിക്കും.