സംസ്ഥാനസർക്കാർ അച്ചടിച്ച് വിതരണം ചെയ്ത കലണ്ടറിലും സർക്കാരിന്റെ ഔദ്യോഗിക വെബ് സൈറ്റിലെ ഓൺലൈൻ കലണ്ടറിലും വ്യാപക അച്ചടിപ്പിശക്
തിരുവനന്തപുരം: സംസ്ഥാന സർക്കാർ അച്ചടിച്ച് വിതരണം ചെയ്ത കലണ്ടറിലും സർക്കാരിന്റെ ഔദ്യോഗിക വെബ് സൈറ്റിലെ ഓൺലൈൻ കലണ്ടറിലും വ്യാപകമായ അച്ചടിപ്പിശക്. അച്ചടിച്ച് വിതരണം ചെയ്ത കലണ്ടറിൽ മാർച്ച് മാസമോ, പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്ന ഏപ്രിൽ മാസമോ കാണാനില്ല. പകരം ജനുവരി, ഫെബ്രുവരി മാസങ്ങൾ വീണ്ടും ആവർത്തിച്ചിരിക്കുന്നു. സെക്രട്ടേറിയറ്റിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് നൽകിയ കലണ്ടറിലും ഇതാണ് അവസ്ഥ.
സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളും ഇത്തവണത്തെ കലണ്ടറിലില്ല. പകരം നവംബർ, ഡിസംബർ മാസങ്ങൾ ആവർത്തിച്ചു. സർക്കാർ വകുപ്പുകൾ വിവരം നൽകിയത് പ്രകാരം സംസ്ഥാന സർക്കാരിന്റെ സെക്രട്ടേറിയറ്റിന് സമീപമുള്ള പ്രസിലാണ് കലണ്ടറുകൾ അച്ചടിച്ച് വിതരണം ചെയ്തത്. ലക്ഷക്കണക്കിന് കലണ്ടറുകൾ ഇതിനോടകം വിതരണം നടത്തി. എന്നാൽ, തെറ്റു സംഭവിച്ച കലണ്ടറുകൾ ഏതൊക്കെയെന്ന് തിരിച്ചറിയനായിട്ടില്ല.
സി-ഡിറ്റ് ആണ് വെബ് സൈറ്റിലെ കലണ്ടർ തയാറാക്കിയതെന്നും കൂടുതൽ വിവരങ്ങൾ അറിയില്ലെന്നും പ്രസ് അധികൃതർ വ്യക്തമാക്കുമ്പോൾ പ്രിന്റ് ചെയ്ത കലണ്ടറിലുണ്ടായ പിഴവ് പരിഹരിക്കാൻ അത്തരം കലണ്ടറുകൾ തത്കാലം തിരിച്ചുവിളിക്കാനാണ് നീക്കം. അച്ചടിപ്പിശകുള്ള കലണ്ടറുകൾ എത്തിച്ചാൽ എല്ലാ മാസങ്ങളും ഉൾപ്പെട്ട കലണ്ടർ പകരം നൽകാമെന്നാണ് അധികൃതരുടെ നിലപാട്.