സർക്കാർ സമാശ്വാസ പദ്ധതികൾക്ക് ഫണ്ട് അനുവദിച്ചു

സാമൂഹ്യസുരക്ഷാ മിഷൻ വഴി നടപ്പാക്കുന്ന ചികിത്സാസഹായ പദ്ധതികൾക്ക്‌ തുക അനുവദിച്ച്‌ സാമൂഹ്യനീതി വകുപ്പ്‌ ഉത്തരവായി.

സമാശ്വാസം
സമാശ്വാസം പദ്ധതിക്ക്‌ അഞ്ചു കോടി അനുവദിച്ചു. വൃക്ക തകരാർ കാരണം സ്ഥിരമായി ഡയാലിസിസ്‌ വേണ്ടിവരുന്ന ബിപിഎൽ വിഭാഗത്തിലുള്ളവർ, വൃക്ക, കരൾ മാറ്റിവയ്ക്കലിനു വിധേയരാകുന്ന ഒരു ലക്ഷം രൂപയിൽ താഴെ വരുമാനമുള്ളവർ, ഹീമോഫീലിയ ബാധിതർ, ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള അരിവാൾ രോഗബാധിതർ എന്നിവരാണ്‌ ഗുണഭോക്താക്കൾ.

ശ്രുതിതരംഗം, താലോലം
അഞ്ച്‌ വയസ്സ്‌ വരെയുള്ള മൂകരും ബധിതരുമായ കുട്ടികൾക്ക്‌ സംസാര, കേൾവിശക്തി ലഭ്യമാക്കാനുള്ള ‘ശ്രുതിതരംഗം’ പദ്ധതിക്ക്‌ എട്ട്‌ കോടി അനുവദിച്ചു. 18 വയസ്സ്‌ വരെയുള്ള മാരക രോഗബാധിതരായ കുട്ടികൾക്ക്‌ സൗജന്യചികിത്സ നൽകുന്ന ‘താലോലം’ പദ്ധതിക്കായി രണ്ടു കോടി ചെലവഴിക്കാൻ ഭരണാനുമതി നൽകി.

മിഠായി, സൗജന്യ 
ക്യാൻസർ ചികിത്സ
ടൈപ് വൺ പ്രമേഹബാധിതരായ കുട്ടികൾക്കുള്ള മിഠായി പദ്ധതിക്ക്‌ 3.80 കോടി, 18 വയസ്സ്‌ വരെയുള്ള ബിപിഎൽ കുടുംബാംഗമായ കുട്ടികൾക്ക്‌ സൗജന്യ ക്യാൻസർ ചികിത്സ നൽകുന്ന ക്യാൻസർ സുരക്ഷാ പദ്ധതിക്കായി മൂന്നു കോടി.

വയോമിത്രം
വയോജനങ്ങളുടെ ആരോഗ്യ, മാനസിക പരിരക്ഷ ഉറപ്പാക്കാനുള്ള ‘വയോമിത്ര’ത്തിന്‌ 9.88 കോടി. 65 വയസ്സിനു മുകളിലുള്ളവരുടെ ആരോഗ്യ പരിപാലനത്തിന്‌ നഗര പ്രദേശങ്ങളിൽ മൊബൈൽ ക്ലിനിക്, പാലിയേറ്റീവ്‌ കെയർ, ആംബുലൻസ്‌, ഹെൽപ്പ്‌ ഡെസ്‌ക്‌ സൗകര്യങ്ങളാണ്‌ ഇതുവഴി ലഭ്യമാക്കുന്നത്‌.

 

Comments

COMMENTS

error: Content is protected !!