കര്‍ഷകര്‍ക്ക് ആശ്വാസമായി കേന്ദ്ര തീരുമാനം; കൊപ്രയുടെ താങ്ങുവില വര്‍ധിപ്പിച്ചു

കൊപ്രയുടെ താങ്ങുവില വര്‍ധിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. 2024 സീസണില്‍ മില്‍ കൊപ്രയ്ക്ക് ക്വിന്റലിന് 300 രൂപ കൂട്ടി 11,160 രൂപയും (നിലവില്‍ 10,860 രൂപ) ഉണ്ടക്കൊപ്രയ്ക്ക് 250 രൂപ കൂട്ടി 12,000 രൂപയുമാക്കാനാണ് തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനമെടുത്തത്.

എന്നാല്‍ കഴിഞ്ഞ സീസണെ അപേക്ഷിച്ച് ഉണ്ടക്കൊപ്രയുടെ താങ്ങുവിലയില്‍ വരുത്തിയ വര്‍ധന കുറവാണ്. കഴിഞ്ഞ സീസണില്‍ ക്വിന്റലിന് 750 രൂപയാണ് വര്‍ധിപ്പിച്ചത്. ഇത്തവണ വര്‍ധന 250 രൂപ മാത്രമാണ്. അതേസമയം മില്‍ ക്രൊപ്രയില്‍ വര്‍ധനയുണ്ട്. ഇത്തവണ ക്വിന്റലിന് 30 രൂപയാണ് വര്‍ധിച്ചത്.

നടപ്പുകാലയളവില്‍ 1493 കോടി രൂപ ചെലവില്‍ 1.33 ലക്ഷം ടണ്‍ കൊപ്രയാണ് സംഭരിച്ചത്. നാഫെഡും എന്‍സിസിഎഫും സംഭരണത്തിനുള്ള നോഡല്‍ ഏജന്‍സികളായി തുടര്‍ന്നും പ്രവര്‍ത്തിക്കും. കേന്ദ്ര തീരുമാനം കേരളത്തിലെ നാളികേര കര്‍ഷകര്‍ക്ക് ഗുണകരമാണ്. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ താങ്ങു വില വര്‍ധിപ്പിച്ചേക്കും. കേന്ദ്ര തീരുമാനത്തിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷമാകും ഇതു സംബന്ധിച്ച് തുടര്‍നടപടിയെടുക്കുകയെന്നും വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു.

Comments

COMMENTS

error: Content is protected !!