ചെതലയം-പൂതാടി-മീനങ്ങാടി-ബത്തേരി.. കടുവകളുടെ വഴികള്‍ ഒരുപോലെ
സുല്‍ത്താന്‍ ബത്തേരി: വാകേരിയിലെ ജനവാസ കേന്ദ്രത്തില്‍ എത്തുന്ന കടുവയുടെ സഞ്ചാരരീതി വിലയിരുത്തുമ്പോള്‍ സ്ഥിരമായ പ്രദേശങ്ങളിലൂടെയാണെന്ന് കടുവകള്‍ എത്തുന്നത് മനസ്സിലാക്കാം. പൂതാടി പഞ്ചായത്തിലൂടെ എത്തുന്ന കടുവ, മീനങ്ങാടി പഞ്ചായത്തിലൂടെ സുല്‍ത്താന്‍ ബത്തേരി മേഖലയിലേക്ക് നീങ്ങുന്നു.
കുറെ മാസങ്ങളായി കടുവകളുടെ വഴികള്‍ ഒരുപോലെയാണ്. മുത്തങ്ങ കാടുമായി ബന്ധപ്പെട്ടുകിടക്കുന്ന ചെതലയം കാട്ടില്‍നിന്നാണ് സുല്‍ത്താന്‍ ബത്തേരി – പുല്‍പള്ളി റോഡ് മറികടന്ന് കടുവകള്‍ പൂതാടി പഞ്ചായത്തിലേക്ക് പ്രവേശിക്കുന്നത്. വാകേരി മേഖലയുടെ ഒരു വശം മുഴുവന്‍ ചെതലയം കാടാണ്. പൂതാടി പഞ്ചായത്തിലെ പാമ്പ്ര എസ്റ്റേറ്റിലൂടെ എത്തുന്ന കടുവ ഇവിടെ നിന്നാണ് വാകേരി മേഖലയിലെ സ്വകാര്യ തോട്ടത്തിലേക്ക് എത്തുന്നത്.
വാകേരി മേഖലയിലെ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങുന്ന കടുവകള്‍ മൂടക്കൊല്ലി, കൂടല്ലൂര്‍, സിസി തുടങ്ങിയേടങ്ങളിലൊക്കെ എത്തുന്നു. സിസി, മടൂര്‍ മേഖലകളിലൂടെയാണ് കടുവ മീനങ്ങാടി പഞ്ചായത്തിലേക്ക് പ്രവേശിക്കുന്നത്. കല്‍പന, പുല്ലുമല തുടങ്ങിയ ഗ്രാമങ്ങള്‍ പിന്നിട്ട് ആവയല്‍, മണ്ഡകവയല്‍, മൈലമ്പാടി തുടങ്ങിയ പ്രദേശങ്ങളില്‍ എത്തുന്നു.
മൈലമ്പാടിയിലെത്തുന്ന കടുവ മിക്കവാറും കൃഷ്ണഗിരി മേഖലയിലേക്ക് നീങ്ങുകയാണ് പതിവ്. കൊളഗപ്പാറയില്‍ എത്തുന്ന കടുവക്ക് പിന്നീട് ബീനാച്ചി എസ്റ്റേറ്റിലേക്ക് പ്രവേശിക്കാന്‍ എളുപ്പമാണ്. ബീനാച്ചി എസ്റ്റേറ്റില്‍ എത്തുന്ന കടുവയാണ് പിന്നീട് സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയില്‍പെട്ട മണിച്ചിറ, ദൊട്ടപ്പന്‍കുളം തുടങ്ങിയ പ്രദേശങ്ങളില്‍ എത്തുന്നത്.