Uncategorized

കെ എം മാണിയുടെ ആത്മകഥ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു

തിരുവനന്തപുരം : കെ എം മാണിയുടെ ആത്മകഥ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. വളരെ സങ്കീർണമായ കാര്യങ്ങൾ പോലും ലളിതമായ ഭാഷയിൽ അവതരിപ്പിക്കുന്നതാണ് കെ എം മാണിയുടെ ആത്മകഥയെന്ന് മുഖ്യമന്ത്രി പറഞ്ഞു. അര നൂറ്റാണ്ടിലധികം കേരള രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്ന വ്യക്തിത്വമാണ്. ആത്മകഥയിൽ അര നൂറ്റാണ്ടിലെ കേരളചരിത്രമാണ് തന്റേതായ വീക്ഷണ കോണിൽ അവതരിപ്പിക്കുന്നത്. നാട്, നാട്ടുകാർ, സമൂഹ്യ സാമ്പത്തികാവസ്ഥ തുടങ്ങി വർത്തമാനവും ഭാവിയും വായനക്കാരുമായി പങ്കുവയ്ക്കപ്പെടുന്നതാവണം ആത്മകഥ. അത് അന്വർത്ഥമാക്കുന്ന ആത്മകഥയാണ് കെ  എം മാണിയുടേതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ സമീപനം ആത്മകഥാ രചയീതാക്കൾ മാതൃകയാക്കണം.

കേരളത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് പഠിക്കുന്ന വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഇത് വലിയ മുതൽക്കൂട്ടാണ്. 1950ന് ശേഷമുണ്ടായ എല്ലാ പ്രധാന സംഭവങ്ങളും ഇതിൽ പരാമർശിക്കുന്നു. അദ്ദേഹം അനുഭവിച്ച ഹൃദയവേദനകളും വ്യക്തമാക്കിയിട്ടുണ്ട്.

സഭാ നടപടികളിലെ പ്രാവീണ്യം, സംവാദങ്ങളിൽ പ്രകടമാക്കുന്ന വൈദഗ്ധ്യം, തർക്ക വിതർക്കങ്ങളിലെ അസാമാന്യ ശേഷി, നിയമ വൈദഗ്ധ്യം, നിയമനിർമാണ പ്രക്രിയയിലെ മികവ്, കർഷകരുടെയും മലയോരത്തിന്റെയും പ്രശ്നങ്ങൾ ഉയർത്തുന്നതിലെ കഴിവ്, കേരളത്തിന്റെ ശബ്ദമാകാനുള്ള താത്പര്യം എന്നിവയാണ് കെ എം മാണിയെ വ്യത്യസ്തനാക്കുന്നതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി പ്രകാശനം ചെയ്ത പുസ്തകം സ്പീക്കർ എ എൻ ഷംസീർ ഏറ്റുവാങ്ങി. ജോസ് കെ  മാണി എം പി അദ്ധ്യക്ഷത വഹിച്ചു. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ, ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ, ബിനോയ് വിശ്വം എം പി, ചീഫ് വിപ്പ് ഡോ. എൻ ജയരാജ്, എം വി ശ്രേയാംസ്‌കുമാർ എന്നിവർ പങ്കെടുത്തു

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button