KERALA

മുഖ്യമന്ത്രിയുടെ അംഗരക്ഷകരുടെ മര്‍ദ്ദനം,പോലീസ് സേനയില്‍ വ്യാപകമായ അമര്‍ഷം

ആലപ്പുഴയില്‍ നവകേരള യാത്രയ്ക്ക് നേരെ കരിങ്കൊടി കാട്ടിയതിന് പോലീസ് കസ്റ്റഡിയിലെടുത്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പേപ്പട്ടിയെ തല്ലുന്നതു പോലെ മുഖ്യമന്ത്രിയുടെ അംഗരക്ഷകര്‍ മര്‍ദ്ദിച്ചതില്‍ പോലീസ് സേനയില്‍ മുറുമുറുപ്പും പ്രതിഷേധവും ഉരുണ്ടുകൂടുന്നു. പല പോലീസുകാരും പരസ്യമായി തന്നെ പ്രതിഷേധം രേഖപ്പെടുത്തുന്നുണ്ട്. ക്രമസമാധാനപാലനത്തിന്റെ ചുമതലയിലുളള പോലീസ് ഉദ്യോഗസ്ഥരെ തളളി മാറ്റിയാണ് മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനിലും, സുരക്ഷാ ഉദ്യോഗസ്ഥന്‍ സന്ദീപും മറ്റ് അംഗരക്ഷകരും കാറില്‍ നിന്ന് ചാടി വീണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ലാത്തി കണ്ട് തുരുതുരാ തല്ലിയത്. പോലീസുകാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും അസഭ്യ വര്‍ഷം ചൊരിഞ്ഞ് ഇവര്‍ കൂട്ടമായി നേതാക്കളെ പൊതിരെ തല്ലുകയായിരുന്നു. പോലീസ് സേനയ്ക്കാകെ നാണകേടുണ്ടാക്കിയ സംഭവമായിട്ടാണ് പല പോലീസുകാരും ഇതേ കുറിച്ച് പ്രതികരിച്ചത്.

സാധാരണ ക്രമസമാധന പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ വി ഐ പികളെ അനുഗമിക്കുന്ന സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍, മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും മറ്റ് വി ഐ പികള്‍ക്കും വലയം തീര്‍ത്ത് നില്‍ക്കുകയാണ് ചെയ്യാറ്. ഒരു തരത്തിലും ഇവര്‍ ക്രമസമാധാന പ്രശ്‌നം നേരിടാനെത്താറില്ല. വി ഐ പികളുടെ സുരക്ഷയും സംരക്ഷണവുമാണ് അവരുടെ കര്‍ത്തവ്യം. ഈ നിയമപരമായ കടമയില്‍ നിന്ന് വ്യതിചലിച്ചാണ് മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും പ്രീണിപ്പെടുത്താന്‍, ഇവര്‍ കാറില്‍ നിന്നിറങ്ങി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത്. രണ്ട് പ്രവര്‍ത്തകരെയാണ് ആലപ്പുഴയില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ഉള്‍പ്പടെയുളള സുരക്ഷാ സംഘം അതിക്രൂരമായി മര്‍ദ്ദിച്ചത്. ഇതില്‍ ഒരു പ്രവര്‍ത്തകന്റെ തല ലാത്തിയടിയേറ്റ് പൊട്ടിയിരുന്നു. കഴിഞ്ഞ ദിവസം മാധ്യമ പ്രവർത്തകന്റെ കഴുത്തിന് കുത്തിപ്പിടിച്ചും ഈ ഗണ്‍മാന്‍ മുഖ്യമന്ത്രിയെ ‘സംരക്ഷിച്ചിരുന്നു’.

മുഖ്യമന്ത്രിയ്ക്കും മന്ത്രി പടയ്ക്കുമെതിരെ കരിങ്കൊടി കാട്ടുന്ന യൂത്ത് കോണ്‍ഗ്രസ്- കെ എസ് യു പ്രവര്‍ത്തകരെ വാഹനത്തിലിരിന്നു ലാത്തി കൊണ്ട് വീശിയടിക്കുന്നതും പ്രവര്‍ത്തകരുടെ ദേഹത്തേക്ക് എസ്‌കോര്‍ട്ട് വാഹനം അപകടകരമാംവിധം ഓടിച്ചു കയറ്റാന്‍ ശ്രമിക്കുന്നതും പതിവ് കാഴ്ചയാണ്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button