സിവില്‍ സപ്ലൈസ് സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുടങ്ങാനൊരുങ്ങുന്നു

തിരുവനന്തപുരം: കടക്കെണിയിൽ നിന്ന് രക്ഷനേടാൻ സിവില്‍ സപ്ലൈസ് സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുടങ്ങുന്നു. ഇതോടെ സബ്‌സിഡി സാധനങ്ങളുടെ വില്‍പന നിലയ്‌ക്കും. മാവേലി സ്റ്റോറുകള്‍ നിര്‍ത്തലാക്കി സപ്ലൈകോ ബസാറുകളായി തീരും. സര്‍ക്കാര്‍ അനുമതി നല്കിയാല്‍ പദ്ധതി അടിയന്തരമായി നടപ്പിലാക്കാനാണ് നീക്കം.

വിശേഷ ഉത്സവങ്ങളില്‍ മാത്രം സബ്‌സിഡി നല്കി പ്രത്യേക ചന്തകള്‍ മതിയെന്നാണ് തത്വത്തില്‍ തീരുമാനം. ഒട്ടുമിക്ക മാവേലി സ്റ്റോറുകളിലും സപ്ലൈകോ കടകളിലും സബ്‌സിഡി സാധനങ്ങള്‍ തീര്‍ന്നു. ജനങ്ങളില്‍ നിന്നും ആദ്യമുണ്ടായിരുന്ന പ്രതിഷേധം ഇപ്പോള്‍ ഇല്ല. ഇത് മുതലെടുത്താണ് സൂപ്പര്‍ മാര്‍ക്കറ്റുകളിലേക്ക് സര്‍ക്കാര്‍ തിരിയുന്നത്. സ്വകാര്യ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ എംആര്‍പിയില്‍ നിന്നും നിശ്ചിത തുക കിഴിച്ച് ഉത്പന്നങ്ങള്‍ വില്‍ക്കുന്നതു പോലെയായിരിക്കും വില്‍പന.

ഓരോ ജില്ലയ്‌ക്കും പ്രത്യേകമായി ഓഫീസര്‍മാരെ നിയമിച്ച് കമ്പനികളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നതിനും പ്രത്യേക സംവിധാനം ഉണ്ടാകും. ബസാറുകളുടെ വില്‍പന നിയന്ത്രിക്കുന്നതും നഷ്ടം വന്നാല്‍ സ്ഥാപനങ്ങള്‍ നിര്‍ത്തലാക്കുന്നതിനും ഈ ഓഫീസര്‍മാര്‍ക്ക് അധികാരം നല്കും.

500 കോടിയോളം രൂപയാണ് കുടിശ്ശിക ഇനത്തില്‍ കരാറുകാര്‍ക്ക് നല്കാനുള്ളത്. കുടിശ്ശിക നല്കാതെ ഉത്പന്നങ്ങള്‍ നല്കില്ലെന്ന് കാരാറുകാര്‍ തീര്‍ത്തും വ്യക്തമാക്കിയിട്ടുണ്ട്. ടെന്‍ഡറുകളില്‍ പങ്കെടുക്കാനും കരാറുകാര്‍ തയാറാകുന്നുമില്ല. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് മാവേലി സ്റ്റോറുകളില്‍ നിന്നും സൂപ്പര്‍ ബസാറുകളിലേക്ക് തിരിയാനുള്ള കോര്‍പറേഷന്റെ തീരുമാനം.

Comments
error: Content is protected !!