വയനാട്ടിൽ കോഴിക്കോട് സ്വദേശികളായ കാര്‍ യാത്രികരെ തട്ടിക്കൊണ്ടുപോയി ഇരുപത് ലക്ഷം കവര്‍ന്നതായി പരാതി
വയനാട്ടിൽ കാര്‍ യാത്രികരെ തട്ടിക്കൊണ്ടുപോയി 20 ലക്ഷം കവര്‍ന്നതായി പരാതി. കോഴിക്കോട് സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് ഒരു സംഘം തട്ടിക്കൊണ്ടുപോയത്.
കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ മീനങ്ങാടി അമ്പലപ്പടി പെട്രോൾ പമ്പിന് അടുത്തുവച്ചാണ് സംഭവം. കോഴിക്കോട് തലയാട് മുളകുംതോട്ടത്തില്‍ മഖ്ബൂല്‍, എകരൂര്‍ സ്വദേശി നാസര്‍ എന്നിവരാണ് കാറിലുണ്ടായിരുന്നത്. ചാമരാജ് നഗറി നിന്നും കോഴിക്കോടേക്ക് പോകും വഴിയാണ് ഇവർ സഞ്ചരിച്ച കാർ ഒരു സംഘം തടഞ്ഞു നിർത്തിയത്.
ഇരുവരേയും ബലം പ്രയോഗിച്ച് അക്രമി സംഘത്തിന്‍റെ കാറിലേക്ക് മാറ്റി. പരാതിക്കാർ സഞ്ചരിച്ച കാറുമായി ഈ സംഘം മറ്റൊരിടത്തോക്ക് കുതിച്ചു. യാത്രാമധ്യേ, അക്രമികൾ ഇരുവരേയും മേപ്പാടിക്ക് സമീപം ഇറക്കിവിട്ടു. കാർ മേപ്പാടിക്ക് സമീപം മറ്റൊരിടത്തുവച്ചു കണ്ടെത്തി. കാറിൽ സൂക്ഷിച്ച 20 ലക്ഷമാണ് നഷ്ടമായത്. രേഖകളില്ലാത്ത പണമാണെന്ന് പൊലീസിന്‍റെ പ്രാഥമിക വിലയിരുത്തല്‍.
ചാമരാജ് നഗറിലെ ജ്വല്ലറി ബിസിനസ് പങ്കാളിയാണ് ഇത് കൈമാറിയതെന്നാണ് പരാതിക്കാരുടെ മൊഴി. പത്ത് പേർ പണം കവര്‍ന്ന സംഘത്തിലുണ്ടായിരുന്നു എന്നാണ് സൂചന. സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിച്ച് വരികയാണ്.