അധ്യാപക സമരഭൂമികയില്‍ നിന്ന് ഉയര്‍ന്നു വന്ന സഖാവ്- സി ആര്‍

( വിടവാങ്ങിയ സി പി ഐ എം മുന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവും സി ഐ ടി യു നേതാവുമായിരുന്ന, കൊയിലാണ്ടി താലൂക്കിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ പ്രമുഖനായ, പന്തലായനിയിലെ ചേലോട്ട് രാമന്‍ നായരെ (സി ആര്‍ നായര്‍) സ്മരിക്കുന്നു)

  • മണിശങ്കര്‍ (സാഹിത്യപ്രവര്‍ത്തകന്‍, പ്രസാധകന്‍)

നായനാരുടെ പ്രസംഗം കേട്ടിട്ടില്ലേ… എം വി ആറിന്റെ… നര്‍മം വാരി വിതറി സാധാരണക്കാരെ കൈയിലെടുക്കുന്നവയായിരുന്നു ആ പ്രസംഗങ്ങള്‍. സി പി ഐ എം ന്റെ വളര്‍ച്ചയില്‍ ഈ പ്രസംഗങ്ങള്‍ വഹിച്ച പങ്ക് ചെറുതായിരുന്നില്ല.

നായനാരില്‍ നിന്ന് വ്യത്യസ്തനായി ചോദ്യോത്തര രൂപത്തിലായിരുന്നു എം വി ആര്‍ സംസാരിക്കുക. ലോകത്തെ ഏത് കാര്യങ്ങളും ഇവര്‍ പറയുമ്പോള്‍ സാധാരണക്കാര്‍ക്ക് എളുപ്പം പിടികിട്ടും. പഴയ കാലത്തെ പല നേതാക്കളും ഇവരുടെ ശൈലി പിന്തുടര്‍ന്നവരായിരുന്നു. അത്തരത്തില്‍ ജനപ്രിയ പ്രസംഗം നടത്തി എന്റെ കുട്ടിക്കാലത്തെ ആകര്‍ഷിച്ച സി പി എം നേതാവായിരുന്നു നാട്ടുകാരന്‍ കൂടിയായ സി ആര്‍.
ഒരു കാലത്ത് ജില്ലയിലെ തന്നെ അറിയപ്പെടുന്ന നേതാവായിരുന്നു സി ആര്‍ എന്ന രണ്ടക്ഷരത്തില്‍ അറിയപ്പെട്ട സി രാമന്‍ മാഷ്. കൊയിലാണ്ടിയില്‍ സി പി എം ഒന്നുമല്ലാതിരുന്ന കാലത്ത് പാര്‍ട്ടിയെ നയിച്ച സഖാവ്.

ഊരിപിടിച്ച കത്തിയുമായി ഒരാള്‍ പാര്‍ട്ടിക്കാരെ ആക്രമിക്കുന്നെന്ന വിവരം കിട്ടിയാല്‍ നിര്‍ഭയം അവിടെ ചെന്ന് എതിരാളിയുടെ തോളില്‍ കൈവെച്ച് അവനെ അക്രമത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ എന്നും ധൈര്യം കാട്ടിയ സഖാവ്. നട്ടെല്ല് വളയ്ക്കതെ, തലയയുര്‍ത്തിപ്പിടിച്ച്, സഖാക്കളെ നെഞ്ചോട് ചേര്‍ത്ത് പാര്‍ട്ടിയെ നയിച്ച നേതാവ്. പണ്ട് കാലത്ത് പുലിയല്ല പുപ്പുലിയായിരുന്നു സി ആര്‍ അധ്യാപക സമരത്തിന് തുടക്കമിട്ട പന്തലായനി യു പി സ്‌കൂളില്‍ നിന്ന് ഉയര്‍ന്നു വന്ന യഥാര്‍ത്ഥ കമ്യൂണിസ്റ്റ്.

പ്രായത്തില്‍ എത്ര ചെറിയ ആളോടും തനിക്കൊപ്പം പോന്നവനെന്ന നിലയില്‍ സമാദരവോടെ സംവദിക്കാന്‍ സി ആറിന് യാതൊരു മടിയുമുണ്ടായിരുന്നില്ല. ഒരിക്കല്‍ ഞാന്‍ നന്ദനയെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ സി ആര്‍ പറഞ്ഞു: ‘ഞങ്ങള്‍ പരിചയപ്പെട്ടിട്ടുണ്ട്. ഒരു ദിവസം കൊയിലാണ്ടി മുതല്‍ വട്ടകുളം മുക്കുവരെ ഞങ്ങള്‍ സംസാരിച്ച് പോന്നിരുന്നു. ഒടുക്കമാണ് ഷൈമയുടെ മോളാണെന്ന് പറഞ്ഞത്. അവളാള് മിടുക്കിയാ.’
‘അതെന്താ?’
‘ഇക്കാലത്ത് ഏത് കുട്ടികളാ ചരിത്രവും പുരാണവും കേട്ട് മുഷിയാതെ എന്നെ പോലൊരു വൃദ്ധന്റെ ഒപ്പം നടക്കുക.’

കാട്ടുവയലില്‍ നിന്ന് അമ്പ്രമോളി കനാല്‍ വഴി പുറത്തേയ്ക്ക് പോവുമ്പോള്‍ സി ആറിനോട് വല്ലതും മിണ്ടിയും പറഞ്ഞുമിരിക്കാമെന്നത് വലിയൊരാശ്വാസം തന്നെയായിരുന്നു. തോര്‍ത്തോ ലുങ്കിയോ ഉടുത്ത് വാഴയ്ക്ക് വളമിടുകയോ ഉമ്മറത്ത് കുളികഴിഞ്ഞ് വിസ്തരിച്ച് പത്രം വായിക്കുകയോ ഒക്കെയാവും അന്നേരങ്ങളില്‍ സി ആര്‍ ജനകീയ ജനാധിപത്യ വിപ്ലവത്തിലെ അടവു നയം മുതല്‍ കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലില്‍ തീരുമാനിച്ച പഴയ കാര്യങ്ങളിലെ ശരിയും തെറ്റും വരെ ചര്‍ച്ച ചെയ്യാന്‍ സദാ സന്നദ്ധതയോടെയാവും സി ആറിന്റെ ആ നില്‍പ്. എല്ലാ കാര്യങ്ങളിലും പ്രത്യയശാസ്ത്രപരമായ നിലപാട് ഉണ്ടാവും; തനിക്ക് നൂറ് ശതമാനം ശരിയെന്ന് ബോധ്യമുള്ളവയില്‍ ശഠിക്കും. ഈ നിലപാടും ശാഠ്യമായിരുന്നു സി ആറിന് ചുറ്റും മിത്രങ്ങളെ പോലെ ശത്രുക്കളെയും സൃഷ്ടിച്ചത്.

ആഢ്യനായ ഒരു കര്‍ക്കശക്കാരന്‍ കാരണവരെ പോലെ കാഴ്ചയില്‍ തോന്നുമെങ്കിലും അടുപ്പമുള്ളവര്‍ക്കറിയാം എപ്പോഴും കസേര വലിച്ചിട്ടിരുന്ന് സംവദിക്കാന്‍ പറ്റുന്ന കമ്യൂണിസ്റ്റ് പ്ലാറ്റ്‌ഫോം ആയിരുന്നു എന്നും സി ആര്‍ എന്ന്. ആ സംവാദ ഭൂമിക എക്കാലവും പ്രത്യയശാസ്ത്ര പ്രതിസന്ധിയുള്ളവര്‍ക്കാര്‍ക്കായി തുറന്നിട്ടതുമായിരുന്നു.

-സി ആറിന് ആദരാജ്ഞലികള്‍

 

Comments
error: Content is protected !!