KERALANEWSUncategorized

കുസാറ്റ് ദുരന്തത്തില്‍ മരണമടഞ്ഞ വിദ്യാര്‍ത്ഥികളോടുള്ള ആദര സൂചകമായി ഇന്ന് സര്‍വകലാശാലയ്ക്ക് അവധി

കുസാറ്റ് ദുരന്തത്തില്‍ മരണമടഞ്ഞ വിദ്യാര്‍ത്ഥികളോടുള്ള ആദര സൂചകമായി ഇന്ന് സര്‍വകലാശാലയ്ക്ക് അവധി. പ്രിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് സര്‍വകലാശാല ആദരം അര്‍പ്പിക്കും. ഇന്ന് രാവിലെ പത്തരയോടെ സ്‌കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ഓഡിറ്റോറിയത്തില്‍ അനുശോചന യോഗം ചേരും. അവധി പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ന് നടത്താനിരുന്ന പരീക്ഷകളും മാറ്റി. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.

ഇതിനിടെ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ള രണ്ട് പെണ്‍കുട്ടികളുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ആലപ്പുഴ സ്വദേശി ഗീതാഞ്ജലി, മലപ്പുറം സ്വദേശിനി ഷെബ എന്നിവരാണ് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിലെ അത്യാഹിത വിഭാഗത്തിലുള്ളത്. നിലവില്‍ 34 പേരാണ് ചികിത്സയിലുള്ളത്.

അതേസമയം കുസാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വൈസ് ചാന്‍സലര്‍ക്കെതിരെയും സംഘാടകര്‍ക്കെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി അഭിഭാഷകന്‍ സുഭാഷ് തീക്കാടന്‍ കളമശേരി പൊലീസില്‍ പരാതി നല്‍കി. നാല് പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തില്‍ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിട്ടുള്ളത്.

യൂണിവേഴ്‌സിറ്റി അധികൃതരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്ന് ആരോപിച്ച് സേവ് യൂണിവേഴ്‌സിറ്റി കാമ്പെയിന്‍ കമ്മിറ്റിയും ജുഡിഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്.

Comments

Related Articles

Back to top button