KERALA

ശബരിമല പ്രശ്നങ്ങൾക്ക് ഇന്നലെ രാത്രിയോടെ പരിഹാരം കണ്ടിട്ടുണ്ട് എന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ

ശബരിമല : ശബരിമല പ്രശ്നങ്ങൾക്ക് ഇന്നലെ രാത്രിയോടെ പരിഹാരം കണ്ടിട്ടുണ്ട് എന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. കോടതി നിർദ്ദേശപ്രകാരം ഭക്തരുടെ എണ്ണത്തിൽ നിയന്ത്രണം വരുത്തി. നിലയ്ക്കലും പമ്പയിലും ഭക്തർക്ക് ചെറിയ പ്രശ്നങ്ങളുണ്ടായിരുന്നതും പരിഹരിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

കെഎസ്ആർടിസി ബസുകൾ ആവശ്യത്തിനുണ്ട്. തിരക്ക് കൂടിയാൽ ഉപയോഗിക്കാൻ ബസുകൾ റിസർവ്വ് ചെയ്ത് വച്ചിട്ടുണ്ട്. പോലീസുകാരെ മാറ്റിയത് റൊട്ടേഷൻ സമ്പ്രദായത്തിന്റെ ഭാഗമായാണ് എന്നും മന്ത്രി വിശദീകരിച്ചു. തമിഴ്നാട്ടിലെ പ്രളയത്തിനു ശേഷവും കർണാടക തെരഞ്ഞെടുപ്പിനു ശേഷവുമൊക്കെ കൂടുതൽ ആളുകൾ തീർത്ഥാടനത്തിന് എത്തിയതാണ് പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.

പമ്പയിൽ തീർത്ഥാടകരുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായിട്ടുണ്ട്. എരുമേലിയിലും ഇലവുങ്കലും ഗതാഗത നിയന്ത്രണം ശക്തമാക്കി. പുലർച്ചെ ഒന്നു മുതൽ രാവിലെ 8 മണി വരെ തീർഥാടക വാഹനങ്ങൾ പമ്പയിലേക്ക് പോകുന്നതു പൊലീസ് തടഞ്ഞു. തീർഥാടകരുടെ തിരക്കു നിയന്ത്രിക്കാൻ പ്രതിദിന വെർച്വൽ ക്യൂ ബുക്കിങ് 90,000ൽ നിന്ന് 80,000 ആക്കി കുറയ്ക്കാനും തീരുമാനമായിട്ടുണ്ട്. സന്നിധാനം, പമ്പ, നിലക്കൽ എന്നിവിടങ്ങളിലെ സ്പെഷ്യൽ ഓഫീസർമാർക്കും മാറ്റമുണ്ട്.

ശബരിമലയിലെ തിരക്ക് സംബന്ധിച്ച് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തിരക്ക് നിയന്ത്രിക്കാനും തീർത്ഥാടകർക്ക് അടിസ്ഥാനസൗകര്യം ഒരുക്കാനും കോടതി കഴിഞ്ഞദിവസം നിർദ്ദേശിച്ചിരുന്നു. എഡിജിപി എം ആർ അജിത് കുമാർ കോടതിയിൽ നേരിട്ട് ഹാജരായി ഇതുവരെ സ്വീകരിച്ച നടപടികൾ വിശദീകരിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button