കോഴിക്കോട് നിന്നും തിരുവനന്തപുരത്ത് നിന്നും അബുദാബിയിലേക്ക് പുതിയ പ്രതിദിന വിമാന സർവീസുകളുമായി ഇത്തിഹാദ് എയർവേയ്സ്
തിരുവനന്തപുരം : മലയാളി പ്രവാസികൾക്ക് സന്തോഷ വാർത്തയുമായി ഇത്തിഹാദ് എയർവേയ്‌സ്. ജനുവരി ഒന്ന് മുതൽ കേരളത്തിലെ രണ്ട് വിമാനത്താവളങ്ങളിലേക്കുള്ള ഇത്തിഹാദ് എയർവേയ്‌സിന്റെ സർവീസ് പുനരാരംഭിച്ചു. അബുദാബിയിൽ നിന്ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലേക്കുള്ള പ്രതിദിന സർവീസാണ് പുതുവർഷത്തിൽ ആരംഭിച്ചത്. ഇതോടെ ഈ സെക്ടറുകളിൽ 363 സീറ്റുകൾ കൂടി പ്രതിദിനം അധികമായി ലഭിക്കും.
ഇതോടെ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള ഇത്തിഹാദ് സർവീസുകളുടെ എണ്ണം പത്തായി വർദ്ധിച്ചു. പ്രതിവാരം 2541 സീറ്റുകളാണ് പുതിയ രണ്ട് സർവീസുകളോടെ ഈ സെക്ടറിൽ അധികമായി വരുന്നത്. ടിക്കറ്റ് നിരക്കിലും ഇതിന്റെ ആശ്വാസം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.
അബുദാബിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള പ്രതിദിന സർവീസ് പുലർച്ചെ 3.20നാണ് അബുദാബിയിൽ നിന്ന് പുറപ്പെടുന്നത്. രാവിലെ ഒൻപത് മണിക്ക് തിരുവനന്തപുരത്ത് എത്തും. തിരികെ 10.05ന് തിരുവനന്തപുരത്ത് നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട് 12.55ന് അവിടെ എത്തും. എട്ട് ബിസിനസ് ക്ലാസ് സീറ്റുകൾ ഉൾപ്പെടെ ആകെ 198 സീറ്റുകളായിരിക്കും ഈ വിമാനത്തിലുണ്ടായിരിക്കുക.
കോഴിക്കോടുള്ള വിമാനം ഉച്ചയ്ക്ക് 2.20ന് അബുദാബിയിൽ നിന്ന് പുറപ്പെടും. രാത്രി 7.55നാണ് കോഴിക്കോട് എത്തുന്നത്. രാത്രി 9.30ന് തിരികെ പുറപ്പെടുന്ന വിമാനം പുലർച്ചെ 12.05ന് ആയിരിക്കും അബുദാബിയിൽ എത്തുന്നത്. എട്ട് ബിസിനസ് ക്ലാസ് സീറ്റുകൾ ഉൾപ്പെടെ 165 സീറ്റുകളാണ് ഈ വിമാനത്തിൽ ഉണ്ടാവുക. ദുബൈയിൽ നിന്ന് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്ക് അബുദാബിയിലേക്ക് ബസ് സൗകര്യവും ഏർപ്പെടുത്തും. വിമാനം പുറപ്പെടുന്ന സമയമനുസരിച്ച് ബസുകൾ ദുബൈയിൽ നിന്ന് പുറപ്പെടും. ബസ് ടിക്കറ്റ് തുക കൂടി കൂട്ടിച്ചേർത്തും വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യാം.