കോട്ടയം, ഇടുക്കി ജില്ലകളിൽ ചൊവ്വ മുതൽ കടകൾ തുറക്കാം

കോട്ടയം/തൊടുപുഴ ∙ ഒരു മാസത്തെ ശക്തമായ ലോക്ഡൗൺ നിയന്ത്രണങ്ങൾക്കു ശേഷം ഗ്രീൻ സോണിലായ കോട്ടയം, ഇടുക്കി ജില്ലകൾ ചൊവ്വാഴ്ച മുതൽ സജീവമാകും. 2 ജില്ലകളിലും മന്ത്രിമാരുടെ സാന്നിധ്യത്തിൽ അവലോകനയോഗങ്ങൾ ചേർന്ന് മാർഗനിർദേശങ്ങൾക്ക് അന്തിമരൂപം നൽകി.

 

കോട്ടയം ജില്ലയിൽ ചൊവ്വാഴ്ച മുതൽ എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറക്കും. സർക്കാർ ഓഫിസുകളും പൂർണ തോതിൽ പ്രവർത്തിക്കും. ജില്ലയ്ക്കുള്ളിൽ യാത്രയ്ക്ക് പാസ് വേണ്ട. സത്യവാങ്മൂലവും വേണ്ട. സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണങ്ങളോടെ ജില്ലയിൽ യാത്ര ചെയ്യാം.

 

ഹോട്സ്പോട്ടായി പ്രഖ്യാപിച്ച ജില്ലകളിൽ നിന്ന് എത്തുന്നവർ 14 ദിവസം ക്വാറന്റീനിൽ കഴിയണം. അയൽ ജില്ലകളിൽ നിന്ന് കോട്ടയത്ത് എത്തുന്നവർ താമസിച്ചു ജോലി ചെയ്യേണ്ടി വരും. ജില്ലയ്ക്കകത്തെ പൊലീസ് പരിശോധന കുറയ്ക്കും.

 

അതേ സമയം ജില്ലാ അതിർത്തികളിൽ പരിശോധന കർശനമാക്കും. പുറത്തിറങ്ങുന്നവർ മാസ്ക് ധരിക്കണം. ഇളവുകൾ പരീക്ഷണാടിസ്ഥാനത്തിലാണെന്നും ജനങ്ങൾ കൂട്ടമായി പുറത്തിറങ്ങിയാൽ ഇവ വെട്ടിച്ചുരുക്കുന്നതും ആലോചിക്കുമെന്നു കലക്ടർ പി.കെ. സുധീർ ബാബു പറഞ്ഞു.

 

ഇടുക്കി ജില്ലയിലും എല്ലാ വ്യാപാരസ്ഥാപനങ്ങളും പ്രവർത്തിക്കും. ഓട്ടോ,  ടാക്‌സി ഓടാം. വാഹനങ്ങളിൽ മാസ്‌കും സാനിറ്റൈസറും കൈ കഴുകാനുള്ള സൗകര്യവും ഉണ്ടായിരിക്കണം. സംസ്ഥാന അതിർത്തിയിലെ 28 വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനാൽ കർശന നിയന്ത്രണങ്ങൾ തുടരും.

 

കോട്ടയത്ത് മന്ത്രി പി. തിലോത്തമന്റെയും ഇടുക്കിയിൽ മന്ത്രി എം.എം. മണിയുടെയും സാന്നിധ്യത്തിലായിരുന്നു അവലോകന യോഗങ്ങൾ.
Comments
error: Content is protected !!