കരിപ്പൂര്‍: ഇന്ത്യയില്‍നിന്നുള്ള അടുത്തവര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനം മെയ് ഒമ്പതിന് തുടങ്ങും. ജൂണ്‍ 10നാണ് അവസാന വിമാനം. ജൂണ്‍ 20ന് മടക്കയാത്ര ആരംഭിക്കും. ജൂലൈ 21ന് അവസാനിക്കുന്ന വിധമാണ് യാത്ര ക്രമീകരിച്ചത്. ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സൗദി അറേബ്യ ചൊവ്വാഴ്ച പുറത്തിറക്കി. സംസ്ഥാനങ്ങളില്‍നിന്നുള്ള യാത്രാ തീയതി പിന്നീട് തീരുമാനിക്കും.
ഇന്ത്യയില്‍ 20 പുറപ്പെടല്‍ കേന്ദ്രങ്ങളാണ് ഇത്തവണയുള്ളത്. കേരളത്തില്‍ നെടുമ്പാശേരി, കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ ഇത്തവണയും പുറപ്പെടല്‍ കേന്ദ്രങ്ങളാണ്. കരിപ്പൂര്‍വഴി പോകുന്ന തീര്‍ഥാടകന്‍ 3,53,313 രൂപയും കണ്ണൂര്‍വഴി പോകുന്നവര്‍ 3,55,506 രൂപയും നെടുമ്പാശേരിവഴിയുള്ള തീര്‍ഥാടകര്‍ 3,53,967 രൂപയും അടയ്ക്കണം. നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ ആദ്യഗഡു 81,500 രൂപ ഉടന്‍ അടയ്ക്കണം. അവശേഷിക്കുന്ന തുക മാര്‍ച്ച് മൂന്നാം വാരത്തോടെ അടച്ച് തീര്‍ക്കണം.
മക്കയിലും മദീനയിലുമടക്കം തീര്‍ഥാടകര്‍ക്കുള്ള താമസ സൗകര്യം ഒരുക്കുന്നതിനുള്ള ചുമതല കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യക്കാണ്. തീര്‍ഥാടകരുടെ യാത്രാ സൗകര്യം ഒരുക്കേണ്ടത് മിനിസ്റ്ററി ഓഫ് സിവില്‍ ഏവിയേഷനും ഹജ്ജ് കാലത്തെ ആരോഗ്യപരമായ കാര്യങ്ങള്‍ മിനിസ്റ്ററി ഓഫ് ഹെല്‍ത്തും നിര്‍വഹിക്കും.
ഹജ്ജ് ഓപറേഷന്റെ ചുമതല പൂര്‍ണമായും സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ക്കാണ്. സ്വകാര്യ ഏജന്‍സികളുമായി ഒരു ബന്ധവുമുണ്ടാകില്ല. ഹജ്ജ് അപേക്ഷ സ്വീകരണം ഓണ്‍ലൈന്‍വഴി ആരംഭിച്ചു. 20വരെ സ്വീകരിക്കും. അപേക്ഷിക്കാനുള്ള സൗകര്യങ്ങള്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഒരുക്കിയിട്ടുണ്ട്. 18 വയസ്സിനുതാഴെയുള്ള തീര്‍ഥാടകര്‍ക്കൊപ്പം രക്ഷിതാക്കള്‍ നിര്‍ബന്ധമാണ്. നറുക്കെടുപ്പിലൂടെയാണ് തീര്‍ഥാടകരെ തെരഞ്ഞെടുക്കുക. 70 വയസ്സ് കഴിഞ്ഞവര്‍ക്ക് നറുക്കെടുപ്പില്ലാതെ അവസരം നല്‍കും. മാര്‍ഗനിര്‍ദേശത്തിന്റെ പൂര്‍ണരൂപം ഹജ്ജ് വെബ്‌സൈറ്റില്‍.