AGRICULTURE

തേങ്ങവില വീണ്ടും കൂപ്പുകുത്തുന്നു; ഉണ്ടക്കൊപ്രയ്ക്ക് രണ്ടുമാസത്തിനിടെ കുറഞ്ഞത് 5500 രൂപ

നാളീകേര കർഷകർക്ക് കനത്ത തിരിച്ചടിയായി ഉണ്ടക്കൊപ്രയ്ക്കും രാജാപ്പൂർ കൊപ്രയ്ക്കും വൻ വിലത്തകർച്ച. രണ്ടുമാസത്തിനിടെ ഉണ്ടക്കൊപ്രയ്ക്ക് ക്വിന്റലിന് 5500 രൂപയും രാജാപ്പൂരിന് 5400 രൂപയും കുറഞ്ഞു. രണ്ടുദിവസത്തിനിടെ വ്യാപാരികളെയും കർഷകരെയും ഒരേപോലെ അമ്പരപ്പിക്കുന്ന തരത്തിലാണ് വിലയിടിഞ്ഞത്.

 

27-ന് ഉണ്ടക്കൊപ്രയുടെ വടകര വിപണിയിലെ വില 10300 രൂപയും രാജാപ്പൂരിന്റേത് 12800 രൂപയുമായിരുന്നു. 29 ആകുമ്പോഴേക്കും ഉണ്ടക്കൊപ്രയ്ക്ക് 1300 രൂപയും രാജാപ്പൂരിന് 1800 രൂപയും കുറഞ്ഞു. സമീപകാലത്തൊന്നും ഇത്രയും വിലയിടിവ് ഉണ്ടായിട്ടില്ല.

 

2014-ൽ ഉണ്ടക്കൊപ്രയുടെ വില 17500-ലും രാജാപ്പൂരിന്റേത് 20000 രൂപയിലും എത്തിയിരുന്നു. 2016-ൽ ഇത് കുറഞ്ഞ് നേർപകുതിയിലും താഴെയായതിനുശേഷം വീണ്ടും വില മെച്ചപ്പെട്ടു. കുറെക്കാലമായി ഉണ്ടക്കൊപ്രയ്ക്ക് ശരാശരി 15,000 രൂപയുണ്ട്. രാജാപ്പൂരിന് 16,500 രൂപയും കിട്ടി. ഇതിൽ കാര്യമായ കുറവ് രേഖപ്പെടുത്താൻ തുടങ്ങിയത് ഏപ്രിലിനു ശേഷമാണ്.

 

ഇപ്പോഴത്തെ വിലയിടിവ് നോക്കുമ്പോൾ ഏതാനും ദിവസത്തിനുള്ളിൽ 2014-ലെ വിലയിലും താഴെ എത്തുമെന്ന സൂചനയാണ് കിട്ടുന്നത്. കേരളത്തിൽതന്നെ ഏറ്റവും കൂടുതൽ തേങ്ങ ഉത്പാദിപ്പിക്കുന്ന കോഴിക്കോട് ജില്ലയെ സംബന്ധിച്ചിടത്തോളം ഇത് വലിയ തിരിച്ചടിയാണ്. ഇവിടെയാണ് ഉണ്ടക്കൊപ്ര ഉത്പാദനവും രാജാപ്പൂർ കൊപ്ര സംസ്‌കരണവുമുള്ളത്.

 

മുമ്പെത്തെ അപേക്ഷിച്ച് ഇവയുടെ ഉത്പാദനം ഏറെ കുറഞ്ഞിട്ടുണ്ട്. വിലയിടിവ് കൂടിയാകുമ്പോൾ ഈ മേഖലതന്നെ തകരുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്. മുമ്പ് വരുന്നതിന്റെ അറുപതുശതമാനം ഉണ്ടക്കൊപ്രപോലും വിപണിയിൽ എത്തുന്നില്ല. എന്നിട്ടും വിലയിടിയുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത് കർണാടക ഉണ്ടക്കൊപ്രയുടെ സ്വാധീനമാണ്.

 

വിലയിടിവ് ഭയന്ന് കർഷകർ വൻതോതിൽ ഉണ്ടക്കൊപ്ര വിറ്റഴിക്കാൻ ശ്രമിക്കുമ്പോൾ വീണ്ടും വിലയിടിയാനാണ് സാധ്യതയെന്നും കുറച്ചുസമയം പിടിച്ചുവെച്ചാൽ വില മെച്ചപ്പെടാൻ സാധ്യതയുണ്ടെന്നും ഈ മേഖലയിലുള്ളവർ പറയുന്നു. കൊപ്രയ്ക്കും ഒരുമാസത്തിനിടെ 800 രൂപ കുറഞ്ഞു.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button