മറിയകുട്ടിയുടെ ഹര്‍ജിയില്‍ സര്‍ക്കാരിന് താക്കീതുമായി ഹൈക്കോടതി

കൊച്ചി:  വിധവാപെന്‍ഷന്‍ മുടങ്ങിയതിനെതിരെ  ഇടുക്കി അടിമാലി സ്വദേശി മറിയക്കുട്ടിയുടെ ഹര്‍ജിയില്‍ സര്‍ക്കാരും ഹൈക്കോടതിയും രൂക്ഷമായ വാഗ്വാദം. പരാതിക്കാരിയെ ഇകഴ്ത്തിക്കാട്ടരുതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ താക്കീതായി പറഞ്ഞു. മറിയക്കുട്ടിയുടെ ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്ന സര്‍ക്കാരിന്റെ വാദമായിരുന്നു കോടതിയെ ചൊടിപ്പിച്ചത്. പെന്‍ഷന്‍ കൊടുക്കാന്‍ പണമില്ലെന്ന് പറഞ്ഞിട്ട് എന്തിന് പരാതിക്കാരിയെ ഇകഴ്ത്തുന്നുവെന്ന് ഹൈക്കോടതി ആരാഞ്ഞു.

മറിയക്കുട്ടിയുടെ ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്നും പലരും ഇവര്‍ക്ക് പണം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചതോടെയാണ് രൂക്ഷവിമര്‍ശനമുണ്ടായത്. വിമര്‍ശനങ്ങള്‍ക്കൊടുവില്‍ ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്ന വാദം സര്‍ക്കാര്‍ പിന്‍വലിച്ചു.

ഇത്തരം വാദങ്ങള്‍ ഉയര്‍ത്തുന്നത് അതീവശ്രദ്ധയോടെ വേണമെന്നും കോടതി വ്യക്തമാക്കി. ഇടക്കാല ഉത്തരവ് ഇറക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ ഹൈക്കോടതി, നാലിന് ഹര്‍ജി വീണ്ടും പരിഗണിക്കുമെന്നറിയിച്ചു.

ക്രിസ്തുമസ് കാലത്തെ ആളുകളുടെ സന്തോഷത്തെ തല്ലിക്കെടുത്തരുത്. ഹർജി രാഷ്ടീയ പ്രേരിതമെന്ന സർക്കാർ നിലപാട് ഹൃദയഭേദകമാണ്. ലീഗൽ സർവീസ് അതോറിറ്റിയുടെ സഹായം തരാം. ഈ പെൻഷൻ സ്റ്റാറ്റൂട്ടറിയല്ല എന്നാണ് സർക്കാ‍ർ പറയുന്നത്. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തമ്മിൽ ഉത്തരവാദിത്വം തളളിക്കളയരുത്. കേന്ദ്രവും സംസ്ഥാനവും അങ്ങോട്ടും എങ്ങോട്ടും പഴി ചാരിയാൽ ഇവിടെ ആളുകൾക്കു ജീവിക്കണ്ടേ. ആളുകളുടെ ഡിഗ്നിറ്റിയെപ്പറ്റി സർക്കാർ ഓർക്കണം. ഹർജിക്കാരിക്ക് കിട്ടാനുളള 4500 രൂപ കൊടുക്കാൻ പലരും തയാറായേക്കും, എന്നാൽ വ്യക്തിയെന്ന നിലയിൽ സമൂഹത്തിലെ അവരുടെ മാന്യതയും ഡിഗ്നിറ്റിയും കൂടി കോടതിക്ക് ഓർക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.  ആവശ്യമെങ്കിൽ അമിക്കസ് ക്യൂറിയെ വയ്ക്കും. സീനിയർ അഭിഭാഷകരെ അടക്കം ഉൾപ്പെടുത്തി ആവശ്യമെങ്കിൽ സാഹചര്യം പരിശോധിക്കും.  ഇതുവഴി സർക്കാർ പറയുന്നത് ശരിയാണോയെന്ന് പരിശോധിക്കേണ്ടിവരുമെന്നും കോടതി അറിയിച്ചു.

Comments
error: Content is protected !!