ചരിത്രത്തിന്റെ അടിക്കല്ലുകൾ തേടി ചരിത്രാധ്യാപകര്‍ പന്തലായനി കൊല്ലത്ത്

കൊയിലാണ്ടി: ചരിത്രപ്രസിദ്ധമായ പന്തലായനി കൊല്ലത്തിന്റെ സുവർണ്ണഭൂതകാലം തേടി ഒരു സംഘം ചരിത്രാധ്യാപകര്‍ കൊല്ലത്തെത്തി. കൊയിലാണ്ടി ഗവ കോളേജില്‍ നടന്ന ഹയര്‍ സെക്കണ്ടറി അധ്യാപക ശാക്തീകരണ പരിപാടിയുടെ ഭാഗമായാണ് നാല്‍പ്പതോളം ചരിത്രാധ്യാപകര്‍ ഉള്‍പ്പെട്ട പഠനസംഘം പന്തലായനിയുടെ തീരദേശങ്ങളില്‍ പുരാതത്വ പഠനം നടത്തുന്നത്. തഞ്ചാവൂര്‍ തമിഴ് സര്‍വ്വകലാശാലയിലെ മറൈന്‍ ആര്‍ക്കിയോളജി അധ്യാപകന്‍ ഡോ. വി ശെല്‍വകുമാറിന്റെയും കോഴ്‌സ് കോര്‍ഡിനേറ്ററും കൊയിലാണ്ടി എസ് എ ആര്‍ ബി ടി എം ഗവ: കോളേജ് ചരിത്രാധ്യാപകനുമായ ഇ ശ്രീജിത്തിന്റെയും നേതൃത്വത്തിലായിരുന്നു പഠനം.
മധ്യകാലത്ത് ഇന്ത്യാസമുദ്രത്തിലൂടെയുളള ലോക വ്യാപാര ശൃംഖലയിലെ പ്രധാന തുറമുഖ കേന്ദ്രമായിരുന്നു പന്തലായനി കൊല്ലം. വിദേശ വ്യാപാരികള്‍ പന്തലായനി കൊല്ലത്ത് ഏത് കാലം മുതലാണ് വ്യാപാര ബന്ധം സ്ഥാപിച്ചത് എന്നതിനെ പറ്റി വ്യക്തമായ തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ല. എന്നാല്‍ നൂറ്റാണ്ടുകളോളം വിദേശികള്‍ ഇവിടെ നടത്തിയ കച്ചവടത്തിന്റെ കഥ പറയുന്ന ചരിത്രാവശിഷ്ടങ്ങള്‍ ഇവിടെ നിന്ന് ലഭിച്ചിട്ടുമുണ്ട്. ഇത്തരം ശേഷിപ്പുകള്‍ തേടിയായിരുന്നു അധ്യാപകരുടെ യാത്ര. പ്രസിദ്ധമായ കൊല്ലം പാറപ്പളളിയും പഴയ തറാവാടുകളും സംഘം സന്ദര്‍ശിച്ചു. പ്രായമായവരോട് കൊല്ലത്തിന്റെ ചരിത്രം ചോദിച്ചറിഞ്ഞു.
അറബികളും ചീനക്കാരും ജൂതന്‍മാരുമൊക്കെ ഇവിടെ എത്തിച്ചേര്‍ന്ന് വ്യാപാര കേന്ദ്രങ്ങളും ആരാധനാലയങ്ങളുമൊക്കെ സ്ഥാപിക്കുകയും, പ്രാദേശിക ജീവിതത്തിന്റെ ഭാഗമായി തീരുകയും ചെയ്തിരുന്നു. അക്കാലത്ത് വാണിജ്യ ബന്ധങ്ങള്‍ക്ക് ഉപയോഗിച്ച രണ്ട് തുറമുഖ നഗരങ്ങളായിരുന്നു കോവില്‍ക്കണ്ടി അംശത്തിലുളള ചുങ്കം (ഇന്നത്തെ കൊയിലാണ്ടി ചുങ്കം കടപ്പുറം) തുറമുഖവും കൊല്ലത്തെ കോളം തുറമുഖവും. കോളം തീരത്തിനുണ്ടായിരുന്ന ഭൂമിശാസ്ത്രപരമായ സവിശേഷതകൾ കാരണം വിദേശത്ത് നിന്നെത്തുന്ന പായക്കപ്പലുകള്‍ക്ക് നേരിട്ട് തീരത്തടുപ്പിക്കാന്‍ കഴിയുമായിരുന്നു. വിദേശ വസ്തുക്കള്‍ വില്‍ക്കാനും ശേഖരിക്കാനും ഒട്ടനവധി പാണ്ടികശാലകള്‍ കൊല്ലത്തുണ്ടായിരുന്നു. കൊല്ലം താഴെ അങ്ങാടി എന്നാണ് ഈ സ്ഥലം ഇന്നും അറിയപ്പെടുന്നത്. ചൈനയില്‍ നിന്നെത്തിയ വ്യാപാരികള്‍ നിലയുറപ്പിച്ചത് ചീനംപളളി എന്ന സ്ഥലത്തായിരുന്നു. ചീനച്ചട്ടിയും,ചീനവലയും,ചീനഭരണിയും നാണയങ്ങളുമെല്ലാം ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ചേരരാജാക്കന്‍മാരുടെ കാലത്തെ ശിലാലിഖിതങ്ങളും ചൈനയില്‍ നിന്നു കൊണ്ടു വന്നിരുന്ന പാത്രങ്ങളുടെ അവശിഷ്ടങ്ങളും ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
മൂന്ന് ദശാബ്ദം മുമ്പ് ജപ്പാനീസ് പണ്ഡിതന്‍ നൊബേരു കരാഷിമയുടെയും ഡോ.എം ആര്‍ രാഘവ വാരിയരുടെയും നേതൃത്വത്തില്‍ പന്തലായനിയിലെ ചൈനീസ് സാന്നിധ്യത്തെ കുറിച്ച് ഗവേഷണം നടന്നിരുന്നു.
പഠന പ്രവര്‍ത്തനത്തിനിടയില്‍ ചീനംപ്പളളിയുടെ സമീപത്ത് നിന്നുമായി മധ്യകാല ചൈനീസ് പാത്രക്കഷ്ണങ്ങള്‍ ശേഖരിക്കുവാന്‍ അധ്യാപക സംഘത്തിന് കഴിഞ്ഞു. ആരാധനാലയങ്ങളുടെ നവീകരണ പ്രവര്‍ത്തനങ്ങളും പ്രാദേശികമായി നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളും പഴയകാല അവശേഷിപ്പുകളെ അതിവേഗം മായ്ച്ചു കളയുന്നതായി സംഘം വിലയിരുത്തി. വികസന പ്രവർത്തനങ്ങൾക്കിടയിൽ പുരാചരിത്രവും ചരിത്രശേഷിപ്പുകളും സംരക്ഷിക്കാൻ പ്രാദേശിക ഭരണ സംവിധാനങ്ങൾ ജാഗ്രത കാണിക്കണമെന്ന് സംഘം ആവശ്യപ്പെട്ടു. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുളള അധ്യാപകരാണ് സംഘത്തിലുണ്ടായിരുന്നത്.