കള്ളക്കേസിൽ കുരുക്കിയെന്ന പരാതിയിൽ എസ്ഐക്കെതിരെ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്
കോഴിക്കോട് : നിരപരാധിയെ കള്ളക്കേസിൽ കുരുക്കി അധികാര ദുർവിനിയോഗം നടത്തിയെന്ന പരാതിയിൽ ബേപ്പൂർ എസ് ഐക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. കോഴിക്കോട് കമ്മീഷണർക്കാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജു നാഥ് അന്വേഷണത്തിന് നിർദേശം നൽകിയത്. അന്വേഷണ റിപ്പോർട്ട് രണ്ടാഴ്ചക്കകം സമർപ്പിക്കണം. ഫെബ്രുവരി 20ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങിൽ കേസ് പരിഗണിക്കും.
ചാലിയം സ്വദേശിയുടെ പരാതിയിലാണ് നടപടി. വാടക കെട്ടിടത്തിൽ മത്സ്യ ബന്ധന ഉപകരണങ്ങൾ വിറ്റും ഇംഗ്ലീഷ് അധ്യാപകനായും പ്രവർത്തിക്കുകയാണ് പരാതിക്കാരൻ. വാടക തുകക്ക് രസീത് ചോദിച്ചതു മുതൽ കെട്ടിടം ഉടമ തന്നെ കെട്ടിടത്തിൽ നിന്നും പുറത്താക്കാൻ ശ്രമിക്കുകയാണെന്ന് പരാതിയിൽ പറയുന്നു. ഇതിന് ബേപ്പൂർ എസ് ഐ ശുഹൈബിൻ്റെ പിന്തുണയുണ്ടെന്ന് പരാതിക്കാരൻ ആരോപിച്ചു. കടയിൽ അനധികൃതമായി മണ്ണെണ്ണയും പെട്രോളും കൊണ്ടു വച്ച് തന്നെ അറസ്റ്റ് ചെയ്തതായി പരാതിയിൽ പറയുന്നു. അഭിഭാഷകൻ്റെ സഹായം അനുവദിച്ചില്ല. തൻ്റെ അധ്യാപന ജോലി കളയിക്കാൻ എസ് ഐ ശ്രമിച്ചു. ദുരന്ത വാർത്ത കേട്ട് ജ്യേഷ്ഠ സഹോദരി മരിച്ചു. തനിക്കും കുടുംബത്തിനും പുറത്തിറങ്ങാനാവാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും പരാതിയിൽ പറയുന്നു.