എക്‌സിബിഷൻ ഗ്രൗണ്ടിന് വാടകകൂട്ടിയാൽ തൃശൂർ പൂരം ചടങ്ങുമാത്രമായി നടത്തേണ്ടി വരുമെന്ന് പാറമേക്കാവ്- തിരുവമ്പാടി ദേവസ്വങ്ങൾ

തൃശൂർ: എക്‌സിബിഷൻ ഗ്രൗണ്ടിന് വാടക കൂട്ടിയാൽ തൃശൂർ പൂരം ചടങ്ങു മാത്രമായി നടത്തേണ്ടി വരുമെന്ന് പാറമേക്കാവ്- തിരുവമ്പാടി ദേവസ്വങ്ങൾ വ്യക്തമാക്കി. പൂരത്തോടനുബന്ധിച്ച് നടക്കുന്ന എക്‌സിബിഷൻ ഗ്രൗണ്ടിന്റെ വാടക കൊച്ചിൻ ദേവസ്വം ഉയർത്തിയതിനാലാണ് പൂരം ചടങ്ങുകൾ മാത്രമായി നടത്താൻ ദേവസ്വങ്ങളെ പ്രേരിപ്പിച്ചത്.  ഇക്കഴിഞ്ഞ വർഷം വരെ  39 ലക്ഷമായിരുന്നു  വാടക എന്നിരിക്കെ ഈ വർഷം 2.2 കോടി വേണമെന്നാണ് കൊച്ചിൻ ദേവസ്വം ബോർഡിന്റെ ആവശ്യം. ഇതോടെയാണ് തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങൾ പൂരം ചടങ്ങു മാത്രമാക്കി നടത്തേണ്ടി വരുമെന്ന് പ്രമേയം അവതരിപ്പിച്ചത്.

2024 ഏപ്രിൽ 19 നാണ് തൃശൂർ പൂരം. എക്‌സിബിഷൻ ഗ്രൗണ്ടിന്റെ വാടക 2016 മുതൽ കൊച്ചിൻ ദേവസ്വം അനിയന്ത്രിമായി വർദ്ധിപ്പിക്കുകയാണ്. എന്നാൽ പൂരം നടത്തിപ്പിന് പണം കണ്ടെത്തുന്ന എക്സിബിഷൻ വരുമാനത്തിലെ തുക വാടകയിനത്തിൽ കൊച്ചിൻ ദേവസ്വം ബോർഡിന് നൽകിയാൻ പൂരം നടത്തിപ്പ് പ്രതിസന്ധിയിലാവുമെന്നാണ് ദേവസ്വങ്ങൾ വ്യക്തമാക്കുന്നത്. തൃശൂർ പൂരത്തെ ഇല്ലാതാക്കാൻ ഒരു ലോബി പ്രവർത്തിക്കുന്നുണ്ടെന്നും തിരുവമ്പാടി -പാറമേക്കാവ് ദേവസ്വങ്ങൾ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ വർഷം കൊച്ചിൻ ദേവസ്വം ബോർഡ് ആവശ്യപ്പെട്ട തുക നൽകാത്തതിനാൽ ഈ വർഷം വടക്കുംനാഥ ക്ഷേത്ര മൈതാനിയിൽ പൂരം എക്സിബിഷന് ദേവസ്വം അനുമതി നൽകിയിട്ടില്ല. പൂരത്തിന്റെ ചിലവുകൾ കണ്ടെത്താനാണ് മാസങ്ങൾ നീണ്ടുനിൽക്കുന്ന എക്‌സിബിഷൻ ദേവസ്വങ്ങൾ നടത്തിവരുന്നത്.

Comments
error: Content is protected !!