14 വർഷമായിട്ടും സ്വന്തംകെട്ടിടമില്ലാതെ വടകര ഇഗ്നോ റീജനൽ സെന്റർ
വടകര: ഉന്നത വിദ്യാഭ്യാസ രംഗത്ത് മലബാറിന് കരുത്താവേണ്ട വടകരയിലെ ഇഗ്നോ റീജനൽ സെന്ററിന് സ്വന്തം കെട്ടിടമില്ല. 2011ലാണ് ഇന്ദിര ഗാന്ധി ഓപൺ യൂണിവേഴ്സിറ്റിയുടെ വടകര സെന്റർ അനുവദിച്ചത്. അഞ്ചു ജില്ലകളും മാഹിയും ഉൾപ്പെടുന്നതാണ് പ്രവർത്തന പരിധി.
മണിയൂർ ഹൈസ്കൂളിനു സമീപമുള്ള ദുരിതാശ്വാസ കേന്ദ്രത്തിലായിരുന്നു ആദ്യം ഇഗ്നോ സെന്റർ പ്രവർത്തിച്ചിരുന്നത്. പിന്നീട് വടകര അടക്കാത്തെരുവിലെ സ്വകാര്യ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റി. ദേശീയപാത വികസനത്തിന്റെ ഭാഗമായി ഇവിടെനിന്ന് വീണ്ടും മാറ്റി. നിലവിൽ പുത്തൂരിൽ 110 സബ് സ്റ്റേഷന് സമീപം സ്വകാര്യ കെട്ടിടത്തിലാണ് പ്രവർത്തനം നടക്കുന്നത്. 2010ൽ മണിയൂർ കളരിക്കുന്നിൽ ഗ്രാമപഞ്ചായത്ത് ഇഗ്നോവിന് സ്വന്തം കെട്ടിടം നിർമിക്കാൻ രണ്ട് ഏക്കർ ഭൂമി വിട്ടുനൽകി.
എന്നാൽ, 14 വർഷം പിന്നിട്ടിട്ടും കെട്ടിടം യാഥാർഥ്യമാക്കാൻ കഴിഞ്ഞിട്ടില്ല. ഈ ഭൂമി മതിൽ കെട്ടി വേർതിരിച്ചുനിർത്തുക മാത്രമാണുണ്ടായത്. കെട്ടിടം പണി നടത്താത്ത ഭൂമി കാടുകയറി വന്യജീവികൾ ഉൾപ്പെടെയുള്ളവയുടെ വിഹാരകേന്ദ്രമായി. ഇഗ്നോ കെട്ടിടം യാഥാർഥ്യമാവാത്തതിനാൽ ഗ്രാമപഞ്ചായത്ത് ഭൂമി തിരിച്ചുനൽകണമെന്ന ആവശ്യവുമായി കേന്ദ്ര സർക്കാറിനെ സമീപിച്ചിട്ടുണ്ട്.
നൂറിൽപരം കോഴ്സുകളിലായി ഒരു ലക്ഷത്തിലധികം പഠിതാക്കൾ ഇഗ്നോയുടെ കീഴിലുണ്ട്. വർഷംതോറും ഇഗ്നോക്ക് കീഴിൽ പഠിതാക്കളുടെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടാവുന്നത്. കാസർകോട് മുതൽ തൃശൂർ വരെയുള്ള വിവിധ കോളജുകളിലാണ് ക്ലാസ് നൽകുന്നത്.
മുല്ലപ്പള്ളി രാമചന്ദ്രന്റെ ശ്രമഫലമായാണ് വടകരയിൽ സെന്റർ അനുവദിച്ചത്. കേന്ദ്ര സർക്കാറിൽ സമ്മർദം ചെലുത്തി കെട്ടിട നിർമാണത്തിന് നടപടി സ്വീകരിക്കാൻ ആരും മുന്നോട്ടുവരുന്നില്ല. കെട്ടിടനിർമാണത്തിനുള്ള കാത്തിരിപ്പ് തുടരുകയാണ്
Need a way to get millions of people to view your website economically? Check out: http://kc7krc.contactblastingworks.my