‘കൊച്ചി വാട്ടര്‍ മെട്രോയിലെ യാത്ര വ്യത്യസ്തമായ അനുഭവം’: സ്വന്തം കൈപ്പടയില്‍ ആശംസകളറിയിച്ച് മുഖ്യമന്ത്രി

കൊച്ചി: എറണാകുളത്ത് നിന്ന് വൈപ്പിനിലേക്ക് കൊച്ചി വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള സദസ്സ് എറണാകുളത്ത് എത്തിയപ്പോഴായിരുന്നു ഇത്. യാത്രയ്‌ക്കൊടുവില്‍ സ്വന്തം കൈപ്പടയില്‍ അദ്ദേഹം ആശംസകളും അറിയിച്ചു. ‘നവകേരള സദസ്സിന്റെ ഭാഗമായുള്ള നവകേരള യാത്ര എറണാകുളത്ത് നിന്ന് വൈപ്പിനിലേക്ക് കൊച്ചി വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്തത് തികച്ചും വ്യത്യസ്തമായ അനുഭവമായി. കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് ആശംസകള്‍, പിണറായി വിജയന്‍’ എന്നാണ് അദ്ദേഹം യാത്രയ്‌ക്കൊടുവില്‍ കുറിച്ചത്. മന്ത്രിമാരും മുഖ്യമന്ത്രിക്കൊപ്പം യാത്ര ചെയ്തു. സെല്‍ഫിയെടുത്തും സൌഹൃദം പങ്കിട്ടും സംഘം യാത്ര ആസ്വദിച്ചു. ഇന്ന് വൈപ്പിന്‍, കൊച്ചി, കളമശേരി, എറണാകുളം മണ്ഡലങ്ങളിലാണ് നവകേരള യാത്ര. രാവിലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രഭാതയോഗം കലൂര്‍ ഐഎംഎ ഹൗസില്‍ ചേര്‍ന്നു.

രാവിലെ 11ന് കൊച്ചി വാട്ടര്‍ മെട്രോയുടെ ഹൈക്കോര്‍ട്ട് ജംഗ്ഷന്‍ ടെര്‍മിനലില്‍ നിന്ന് വൈപ്പിന്‍ ടെര്‍മിനലിലേക്കാണ് മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും യാത്ര നടത്തിയത്. ഹൈക്കോര്‍ട്ട് ജംഗ്ഷന്‍ ടെര്‍മിനലില്‍ മന്ത്രി പി. രാജീവ്, കെ.എം.ആര്‍.എല്‍ മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്റ എന്നിവരുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയേയും മന്ത്രിമാരെയും സ്വീകരിച്ചു.

സംഘം കൊച്ചി വാട്ടര്‍ മെട്രോയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. സര്‍വീസ് ആരംഭിച്ച് 7 മാസം പിന്നിട്ട കാലയളവില്‍ പന്ത്രണ്ടര ലക്ഷത്തിലധികം ആളുകളാണ് വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്തത്. 12 ബോട്ടുകളുമായി ഹൈക്കോര്‍ട്ട് ജംഗ്ഷന്‍- വൈപ്പിന്‍, ഹൈക്കോര്‍ട്ട്- ജംഗ്ഷന്‍ ബോള്‍ഗാട്ടി, വൈറ്റില- കാക്കനാട് എന്നീ മൂന്ന് റൂട്ടുകളിലാണ് മെട്രോ സര്‍വീസ് നടത്തുന്നത്.

Comments
error: Content is protected !!