കാസര്‍ഗോഡ് : കരിന്തളം ഗവണ്‍മെന്റ് കോളേജിലെ വ്യാജരേഖ കേസില്‍ നീലേശ്വരം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. എസ് എഫ് ഐ മുന്‍ നേതാവ് കെ വിദ്യ മാത്രമാണ് കേസിലെ പ്രതി. അധ്യാപക നിയമനത്തിനായി വ്യാജ സര്‍ട്ടിഫിക്കേറ്റ് നിര്‍മിച്ച് സമര്‍പ്പിച്ചുവെന്നാണ് കുറ്റപത്രം. മഹാരാജാസ് കോളേജിന്റെ പേരിലുളള വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കേറ്റ് നിര്‍മ്മിച്ച് സമര്‍പ്പിച്ചുവെന്നാണ് കുറ്റപത്രം. വ്യാജരേഖ നിര്‍മിക്കല്‍, വഞ്ചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ വിദ്യക്കെതിരെ ചുമത്തി.
മഹാരാജാസ് കോളേജിന്റെ പേരിലുളള വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കി ഒരു വര്‍ഷം കരിന്തളം ഗവണ്‍മെന്റ് കോളേജില്‍ വിദ്യ ജോലി ചെയ്തിരുന്നു. ഈ കേസിലാണ് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നീലേശ്വരം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. വിദ്യ മാത്രമാണ് പ്രതിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. വ്യാജരേഖ നിര്‍മിക്കാന്‍ മറ്റാരുടെയും സഹായം ലഭിച്ചില്ലെന്നും കുറ്റപത്രത്തിലുണ്ട്.
കരിന്തളം ഗവണ്‍മെന്റ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് നല്‍കിയ കേസിലാണ് നീലേശ്വരം പോലീസ് കേസെടുത്തത്. അട്ടപ്പാടി കോളേജില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന കേസില്‍ നേരത്തെ അഗളി പോലീസ് അറസ്റ്റ് ചെയ്ത വിദ്യക്ക് ജാമ്യം ലഭിച്ചിരുന്നു.