കൽപറ്റ ജനറൽ ആശുപത്രിയിൽ ഓൺലൈൻ ഒപി ടിക്കറ്റ് വിതരണം ആരംഭിച്ചു

കൽപറ്റ: കൽപറ്റ ജനറൽ ആശുപത്രിയിൽ ഓൺലൈൻ ഒപി ടിക്കറ്റ് വിതരണം ആരംഭിച്ചു. ഇ– ഹെൽത്ത് പദ്ധതിയുമായി ബന്ധപ്പെടുത്തിയാണ് ഓൺ ലൈൻ ബുക്കിങ് സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. പദ്ധതിയുടെ ആദ്യ ഘട്ടമായി 13 വയസ്സു വരെയുള്ള കുട്ടികൾക്ക് ഒപി ടിക്കറ്റ് ഓൺലൈനായി എടുക്കാൻ സാധിക്കും.
രോഗികൾക്ക് സൗകര്യമായ സമയത്ത് ഒപിയിൽ വന്നു ഡോക്ടറെ കാണുന്നതിനുള്ള സൗകര്യമാണ് ഓൺ ലൈൻ ബുക്കിങ്ങിലൂടെ സാധ്യമാവും. ഈ ഹെൽത്തുമായി ബന്ധപ്പെട്ട യുഎച്ച്ഐഡി നമ്പർ തന്നെ ഉപയോഗിച്ച് മൊബൈൽ ഫോൺ വഴി വീട്ടിൽ നിന്നു തന്നെ ബുക്കിങ് നടത്താം. ബുക്ക് ചെയ്യുന്ന വ്യക്തികൾക്ക് ടോക്കൺ നമ്പറും ഒപി ടിക്കറ്റും ഓൺലൈനായി തന്നെ ലഭിക്കും. ഓൺലൈനായി ലഭിക്കുന്ന ടോക്കൺ ഉപയോഗിച്ച് റിസപ്ഷനിൽ വരി നിൽക്കാതെ നേരിട്ട് ഡോക്ടറെ കാണാൻ കഴിയും. രോഗവുമായി ബന്ധപ്പെട്ട ചികിത്സയുടെ രേഖകളും, ലാബ് റിപ്പോർട്ടുകളും, ഓൺലൈനായി ലഭ്യമാവും എന്നത് പദ്ധതിയുടെ ആകർഷണമാണ്.
ഇ– ഹെൽത്ത് പദ്ധതി നഗരസഭാധ്യക്ഷൻ കേയംതൊടി മുജീബ് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻ എ പി മുസ്തഫ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ടി ജെ ഐസക്ക്, സി കെ ശിവരാമൻ, ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ ശ്രീകുമാർ മുകുന്ദൻ, എ പി ഹമീദ്, പി പി ആലി, സി മൊയ്തീൻ കുട്ടി, റാം വിനീഷ് എന്നിവർ പ്രസംഗിച്ചു.