കണ്ണൂരിൽ മാവോയിസ്റ്റ് സംഘത്തിന് നേരെ കാട്ടാനയുടെ ആക്രമണം; പരിക്കേറ്റ സംഘാംഗത്തെ ഉപേക്ഷിച്ച് മറ്റുള്ളവർ കടന്നു
കണ്ണൂര്‍: കണ്ണൂരിൽ മാവോയിസ്റ്റ് സംഘത്തെ കാട്ടാന ആക്രമിച്ചു. പരിക്കേറ്റ സംഘാംഗത്തെ ഉപേക്ഷിച്ച് മറ്റുള്ളവർ കടന്നുകളഞ്ഞു. കർണാടക ചിക്കമംഗലൂർ സ്വദേശി സുരേഷിനാണ് കാട്ടാനയുടെ അക്രമത്തില്‍ പരിക്കേറ്റത്. ആറംഗ സംഘമാണ് കാഞ്ഞിരക്കൊല്ലി ചിറ്റാരി കോളനിയില്‍ എത്തിയത്. ചികിത്സയ്ക്കായി കാഞ്ഞിരക്കൊല്ലി ചിറ്റാരി കോളനിയിലെത്തിച്ച ഇയാളെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. കർണാടക വനമേഖലയിൽ വച്ച് മൂന്ന് ദിവസങ്ങൾക്ക് മുമ്പാണ് കാട്ടാന ആക്രമിച്ചത്.
സായുധരായ അഞ്ച് കമ്യൂണിസ്റ്റ് ഭീകരർ വെള്ളിയാഴ്ച വൈകിട്ട് ആറോടെയാണ് ചിറ്റാരി കോളനിയിലെത്തിയത്. ഇടതുകാലിനും നെഞ്ചിനും പരിക്കേറ്റ സുരേഷിനെ കോളനിയിലെ ചപ്പിലി കൃഷ്ണന്റെ വീട്ടിലെത്തിക്കുകയായിരുന്നു. മരക്കമ്പുകളിൽ കമ്പിളി കെട്ടി അതിലിരുത്തി എടുത്തുകൊണ്ടാണ് വന്നത്. മൂന്നുദിവസം മുമ്പ് ആനയുടെ ചവിട്ടേറ്റതാണെന്നും ചികിത്സ നൽകണമെന്നും സുരേഷ് വീട്ടുകാരോടാവശ്യപ്പെട്ടു. ഇതിനുശേഷം വീട്ടുകാരിൽനിന്ന് അരിയും ഭക്ഷണസാധനങ്ങളും വാങ്ങി മറ്റുള്ളവർ മടങ്ങി.
അതേസമയം തണ്ടർബോൾട്ട് സേന ഉൾപ്പെടെ വൻ പോലീസ് സംഘത്തിന്റെ അകമ്പടിയിലാണ് സുരേഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. ശക്തമായ പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.