സുരക്ഷിത ഭക്ഷണം നൽകുന്ന റയിൽവെ സ്റ്റേഷനുകളിൽ കേരളം മുന്നിൽ

തിരുവനന്തപുരം: സുരക്ഷിത ഭക്ഷണം നൽകുന്ന റയിൽവെ സ്റ്റേഷനുകളിൽ കേരളം മുന്നിൽ. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്‌സ്‌ അതോറിറ്റി ഓഫ് ഇന്ത്യ (എഫ് എസ് എസ് എ ഐ)യുടെ ഈറ്റ് റൈറ്റ് സർട്ടിഫിക്കറ്റ് ലഭിച്ച 114 റയിൽവെ സ്റ്റഷനുകളിൽ 21 എണ്ണവും കേരളത്തിൽ. ഉയർന്നനിലവാരമുള്ളതും പോഷകഗുണമുള്ളതുമായ സുരക്ഷിത ആഹാരം ശുചിത്വത്തോടെ നൽകുന്നതിന് നൽകുന്നതാണ് ഈറ്റ് റൈറ്റ് സർട്ടിഫിക്കറ്റ്.  ഭക്ഷണം തയ്യാറാക്കുമ്പോഴും വിളമ്പുമ്പോഴും സുരക്ഷിതമായി കൈകാര്യം ചെയ്യുന്നവർക്കാണ് എഫ് എസ് എസ് എ ഐ ഈ സർട്ടിഫിക്കറ്റ് നൽകുന്നത്.

ഹാൾട്ട് സ്റ്റേഷനുകൾ ഉൾപ്പെടെ രാജ്യത്തൊട്ടാകെ 7349 റെയിൽവേ സ്റ്റേഷനുകളാണുള്ളത്. കേരളത്തിൽ 199 റയിൽവെ സ്റ്റേഷനുകളും. രാജ്യത്തെ ആകെ റെയിൽവേ സ്റ്റേഷനുകളിൽ ഒന്നരശതമാനത്തിനാണ് സർട്ടിഫിക്കറ്റ് ലഭിച്ചത്. പല സ്റ്റേഷനുകളിലെയും സ്ഥാപനങ്ങൾ സർട്ടിഫിക്കറ്റിന് അപേക്ഷിച്ചിട്ടില്ല. ചിലതിൽ പരിശോധന നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.

പരപ്പനങ്ങാടി, ചാലക്കുടി, തലശ്ശേരി, കണ്ണൂർ, പാലക്കാട് ജങ്ഷൻ, ചെങ്ങന്നൂർ, ഷൊർണൂർ ജങ്‌ഷൻ, തിരൂർ, വടകര, ചങ്ങനാശ്ശേരി, ആലപ്പുഴ, വർക്കല, കരുനാഗപ്പള്ളി, അങ്കമാലി, ആലുവ, തിരുവല്ല, കോട്ടയം, കോഴിക്കോട്, തൃശ്ശൂർ, തിരുവനന്തപുരം, കൊല്ലം എന്നിവയാണ് കേരളത്തിലെ ഈറ്റ് റൈറ്റ് റയിൽവെ സ്റ്റേഷനുകൾ.

സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റ്, സ്റ്റാളുകൾ ഉൾപ്പെടെ പരിശോധിച്ചാണ് സർട്ടിഫിക്കറ്റ് നൽകുക. സർട്ടിഫിക്കറ്റ് ലഭിക്കാൻ കുടിവെള്ളം, ശുചിത്വം, മാലിന്യം സംസ്കരണം, രജിസ്റ്റർ സൂക്ഷിക്കൽ, ഉപയോഗിക്കുന്ന ആഹാരവസ്തുക്കളുടെ പരിശോധന എന്നിവയുണ്ടാകും. കാറ്ററിങ് തൊഴിലാളികൾക്ക് ഉൾപ്പെടെ പരിശീലനം നൽകും. അന്തിമ ഓഡിറ്റിങ്ങിനുശേഷം രണ്ടുവർഷത്തേക്കാണ് സർട്ടിഫിക്കറ്റ് നൽകുക.

Comments
error: Content is protected !!