നിയന്ത്രണങ്ങള്‍ പാളി, ദര്‍ശനത്തിന് 15 മണിക്കൂര്‍.ഭക്ഷണവും കുടിവെള്ളവും ലഭിക്കാതെ തിരക്കിലമര്‍ന്ന് ശബരിമല

ശബരിമല: ശബരിമലയില്‍ തീര്‍ത്ഥാകരുടെ തിരക്ക് പോലീസ് നിയന്ത്രണങ്ങള്‍ പാളി വെര്‍ച്ചല്‍ ക്യു വഴിയല്ലാതെയും തീര്‍ഥാടകര്‍ എത്തിയതാണ് കഴിഞ്ഞ എട്ടിനു വൈകിട്ട് തിരക്കു ക്രമാതീതമാകാന്‍ കാരണം. 90,000 പേരാണ് വെര്‍ച്ചല്‍ ക്യു ബുക്കിങ് നടത്തിയിരുന്നത്. സ്പോട്ട് ബുക്കിങ് വഴിയും തീര്‍ഥാടകരെത്തി. ദര്‍ശനത്തിനുള്ള കാത്തിരിപ്പ് 15 മണിക്കൂര്‍ വരെ നീണ്ടു. പമ്പ സ്പോട്ട് ബുക്കിങ് നടക്കുന്ന സ്ഥലത്തും വലിയ തിരക്കാണുണ്ടായത്.

ശരംകുത്തി വഴിയുള്ള പാതയില്‍ ക്യൂ നിന്ന തീര്‍ഥാടകര്‍ ബാരിക്കേഡ് മറികടന്നു വനത്തിലൂടെ ചന്ദ്രാനന്ദന്‍ റോഡിലെത്തിയതോടെയാണ് വലിയ തിരക്കുണ്ടായത്. മണിക്കൂറുകളായി ക്യൂവില്‍ നിന്നവരുടെ ഇടയിലേക്ക് ഇവര്‍ ഇടിച്ചുകയറിയതോടെ ക്യൂവില്‍ നിന്നിരുന്നവര്‍ ഞെരിഞ്ഞമര്‍ന്നു. ഇവര്‍ വലിയ നടപ്പന്തലില്‍ തീര്‍ഥാടകര്‍ മടങ്ങുന്ന പാതയും കൈയടക്കി.

ഇന്നലെ പുലര്‍ച്ചെ വാവര് നടയും പരിസരപ്രദേശങ്ങളും തീര്‍ഥാടകരെകൊണ്ടു നിറഞ്ഞു. ആളുകള്‍ തള്ളിക്കയറാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നു സ്റ്റാഫ് ഗേറ്റ് തകര്‍ന്നു. താഴത്തെ തിരുമുറ്റം തീര്‍ഥാടകരെകൊണ്ടു നിറഞ്ഞതോടെ പോലീസിനും ഒന്നും ചെയ്യാനായില്ല.
തിരക്കു നിയന്ത്രണത്തിന് പുതിയ പോലീസ് ബാച്ചിനുള്ള പരിചയ കുറവ് പ്രകടമായിരുന്നു. 18-ാം പടി കയറ്റിവിടുന്നതിലും വേഗം കുറഞ്ഞു. പമ്പയില്‍നിന്നു സന്നിധാനത്തെത്താന്‍ 15 മണിക്കൂറിലധികം വേണ്ടിവന്നു. ശരംകുത്തി ക്യൂ കോംപ്ലക്സ് മുതല്‍ അല്‍പ്പം പോലും ക്യൂ മുന്നോട്ടുനീങ്ങാതെ നിന്നതോടെയാണ് തീര്‍ഥാടകര്‍ വനത്തിനുള്ളിലൂടെ ചന്ദ്രാനന്ദന്‍ റോഡിലെത്തിയത്.
സന്നിധാനത്തു തിരക്കു വര്‍ധിച്ചതിനെത്തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ മുതല്‍ എരുമേലിയില്‍ വാഹനങ്ങള്‍ തടഞ്ഞു. 15 മിനിറ്റ് ഇടവിട്ടാണ് പിന്നീടു പമ്പയിലേക്ക് അയച്ചത്. പമ്പയിലും പോലീസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇവിടെയും ഭക്തരെ 15 മിനിറ്റ് ഇടവേളയിലാണ് സന്നിധാനത്തേക്ക് കയറ്റിവിട്ടത്.
ശനി, ഞായര്‍ ദിവസങ്ങള്‍ ബുക്കിങ് പരമാവധിയായതോടെ തമിഴ്നാട് അടക്കമുള്ള ഇതര സംസ്ഥാനങ്ങളിലുള്ളവര്‍ക്കു ബുക്കിങ് നടത്താന്‍ കഴിഞ്ഞില്ല. തീര്‍ഥാടകസംഘത്തിലെ കുറച്ച് പേര്‍ക്കുമാത്രം ബുക്കിങ് ലഭിക്കുകയും മറ്റുള്ളവര്‍ക്കു ലഭിക്കാതെ വരുകയും ചെയ്തതോടെ ബുക്കിങ് ഇല്ലാത്തവര്‍കൂടി ഇവിടേക്കെത്തി. കൂടുതല്‍ ഭക്തരെത്തിയതാണ് നിയന്ത്രണങ്ങള്‍ പാളാന്‍ ഇടയാക്കിയത്. 18-ാം പടിയില്‍ തീര്‍ഥാടകരെ കയറ്റിവിടുന്നവരുടെ വേഗം കുറഞ്ഞതോടെ പോലീസിനെ നീക്കി പ്രത്യേക പരിശീലനം ലഭിച്ച ഐ.ആര്‍.ബി. ബറ്റാലിയന്‍ അംഗങ്ങളെ നിയോഗിച്ചു.
ഇന്നലെ വൈകിട്ട് മുതല്‍ സന്നിധാനത്തേക്കു ഭക്തരുടെ ഒഴുക്കായിരുന്നു. ശബരിപീഠം മുതല്‍ ക്യൂവിലേക്കു കയറിയ ഭക്തര്‍ ക്യൂ കോംപ്ലക്സുകളില്‍ വിശ്രമിച്ചെങ്കിലും തുടര്‍ന്നുള്ള ഒരു കിലോമീറ്റര്‍ ബാരിക്കേഡുകളില്‍ തിങ്ങിയും ഞെരുങ്ങിയുമുള്ള യാത്ര ദുരിത പൂര്‍ണമായിരുന്നു. ഭക്ഷണവും കുടിവെള്ളവും ലഭിക്കാതെ കുട്ടികള്‍ ഉള്‍പ്പെടെയുള്ള തീര്‍ഥാടകര്‍ വലഞ്ഞു. പ്രാഥമിക കൃത്യങ്ങള്‍ നിറവേറ്റാന്‍ ക്യൂവിനു പുറത്തിറങ്ങിയാല്‍ തിരിച്ചുകയറാന്‍ കഴിയാത്തതിനാല്‍ എല്ലാം സഹിച്ചു ക്യൂവില്‍ നില്‍ക്കേണ്ടിയും വന്നു. പലരും തളര്‍ന്നുപോയിരുന്നു.

 

Comments
error: Content is protected !!