കെ എല്‍ എഫ് ജനുവരി 11 മുതല്‍ കോഴിക്കോട് ; തുര്‍ക്കി അതിഥി രാജ്യം
കോഴിക്കോട്: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഏഴാം പതിപ്പ് ജനുവരി 11, 12, 13, 14 തീയതികളില്‍ നടക്കും. യുനെസ്‌കോ സാഹിത്യനഗരം എന്ന പദവി നേടിയ കോഴിക്കോട് വെച്ച് സാഹിത്യോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
ഉര്‍ഹാന്‍ പാമുക്കിനെയും എലിഫ് ഷെഫാക്കിനെയും ലോക സാഹിത്യത്തിന് സമ്മാനിച്ച തുര്‍ക്കിയാണ് അതിഥി രാജ്യം. തുര്‍ക്കി റിപ്പബ്ലിക്കിന്റെ നൂറാം വാര്‍ഷികാഘോഷങ്ങള്‍ക്കും ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയാകും. ബ്രിട്ടന്‍, വെയ്ല്‍സ്, ജപ്പാന്‍, യുഎസ്എ, മലേഷ്യ, സ്പെയിന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്‍പ്പെടെ പ്രമുഖരും സാഹിത്യോത്സവത്തില്‍ പങ്കെടുക്കും.
ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സാഹിത്യോത്സവത്തില്‍ സമകാലിക കലാ-സാഹിത്യ-സാംസ്‌കാരിക-സാമൂഹിക വിഷയങ്ങളില്‍ സജീവമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിയൊരുക്കി പ്രഗത്ഭര്‍ പങ്കെടുക്കും. 500ലധികം പ്രമുഖര്‍ പങ്കെടുക്കുന്ന 300ലേറെ സംവാദങ്ങള്‍ക്ക് ബീച്ചില്‍ നടക്കുന്ന ഫെസ്റ്റിവല്‍ സാക്ഷ്യം വഹിക്കും. ആറ് വേദികളില്‍ നാല് ദിവസങ്ങളിലായി ശാസ്ത്രം, സാങ്കേതികം, ചരിത്രം, കല, രാഷ്ട്രീയം, സാഹിത്യം, സംരഭകത്വം, ആരോഗ്യം, യാത്ര, സംഗീതം, സാമ്പത്തികം, കായികം തുടങ്ങി വിവിധ മേഖലകള്‍ ചര്‍ച്ച ചെയ്യപ്പെടും.
കവി കെ സച്ചിദാനന്ദന്‍ ഫെസ്റ്റിവല്‍ ഡയറക്ടറും രവി ഡിസി ചീഫ് ഫെസിലിറ്റേറ്ററുമാണ്. ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവത്തിന് വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് രവി ഡിസി, എകെ അബ്ദുല്‍ ഹക്കീം, എ പ്രദീപ് കുമാര്‍ എന്നിവര്‍ അറിയിച്ചു.