പ്രത്യേക ബാലറ്റ് : ഇതുവരെ ലഭിച്ചത് 2,200 പേരുടെ പട്ടിക

കോഴിക്കോട് : ജില്ലയിലെ കോവിഡ് രോഗികള്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും വോട്ടു ചെയ്യാന്‍ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായുള്ള പ്രത്യേക ബാലറ്റ് വിതരണത്തിന് ഇതിനോടകം ലഭിച്ചത് 2,200 പേരുടെ പട്ടിക. കോവിഡ് ബാധിതര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വോട്ടവകാശം നഷ്ടപ്പെടാതിരിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്.
സ്പെഷ്യല്‍ പോളിങ്ങ് ഓഫീസര്‍, സ്പെഷ്യല്‍ പോളിങ്ങ് അസിസ്റ്റന്റ്, ഒരു പോലീസ് ഉദ്യോഗസ്ഥന്‍ എന്നിവരടങ്ങിയ ടീം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പിപി ഇ കിറ്റ് ധരിച്ച് വീടുകളിലെത്തിയാണ് പ്രത്യേക ബാലറ്റ് വിതരണം നടത്തുന്നത്. ഇവര്‍ക്ക് പ്രത്യേകം വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഡെസിഗ്നേറ്റഡ് ഹെല്‍ത്ത് ഓഫീസര്‍ നല്‍കുന്ന സാക്ഷ്യപ്പെടുത്തിയ പട്ടിക പ്രകാരം സ്പെഷ്യല്‍ ബാലറ്റ് പേപ്പര്‍ വിവിധ വരണാധികാരികള്‍ക്ക് അയച്ചു കൊടുക്കുകയും ആ പട്ടിക പ്രകാരം ബാലറ്റ് പേപ്പറുകള്‍ തയ്യാറാക്കി സ്പെഷ്യല്‍ പോളിങ് ഓഫീസര്‍മാര്‍ക്ക് നല്‍കുകയുമാണ് ചെയ്യുന്നത്. ദുരന്ത നിവാരണ സെല്ലില്‍ നിന്നും ഭരണാധികാരികള്‍ക്ക് അയച്ചുകൊടുക്കുന്ന സാക്ഷ്യപ്പെടുത്തിയ പട്ടിക പ്രകാരമുള്ള ബാലറ്റ് വിതരണവും പുരോഗമിക്കുകയാണ്. ഡിസംബര്‍ 13ന് വൈകുന്നേരം 3 മണി വരെയാണ് പ്രത്യേക ബാലറ്റ് വിതരണം ചെയ്യുക.

Comments

COMMENTS

error: Content is protected !!