‘തെരുവ് ജീവിതങ്ങളില്ലാത്ത കോഴിക്കോട്’; ധനസമാഹരണ ക്യാമ്പയിന്‍ ജനുവരി 31ന്
കോഴിക്കോട്: രാജ്യത്തെ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ച വെക്കുന്ന ഉദയം പദ്ധതിയെ കൂടുതല്‍ ആളുകളിലേക്കെത്തിക്കാനും ഉദയത്തിലെ അന്തേവാസികളുടെ ക്ഷേമത്തിനായി ധനസമാഹരണത്തിനും വിദ്യാര്‍ത്ഥികളില്‍ സാമൂഹ്യപ്രതിബദ്ധത വളര്‍ത്താനുമായി ജനുവരി 31ന് ‘തെരുവ് ജീവിതങ്ങളില്ലാത്ത കോഴിക്കോടിനായി ഒരു ദിവസം’ ക്യാമ്പയിന്‍ നടത്തുമെന്ന് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
തെരുവ് ജീവിതങ്ങളില്ലാത്ത കോഴിക്കോടിനായി ധനസമാഹരണ ക്യാമ്പയിന്‍ വിജയമാക്കുന്നതിന് എല്ലാവരുടെയും സഹായസഹകരണമുണ്ടാവണമെന്നും കലക്ടര്‍ പറഞ്ഞു.ജില്ലയിലെ 150 ഓളം ക്യാമ്പസുകളില്‍ നിന്നായി 15,000 ത്തോളം വിദ്യാര്‍ത്ഥികള്‍ ക്യാമ്പയിനിന്റെ ഭാഗമായി പ്രവര്‍ത്തിക്കും. കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, പഞ്ചായത്ത് തലത്തില്‍ ധനസമാഹരണത്തിനായി വിദ്യാര്‍ത്ഥികള്‍ തെരുവിലേക്കിറങ്ങും. വിവിധ കോളേജുകളിലെ എന്‍ എസ് എസ്സിന്റെ സഹകരണത്തോടെയാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.
കലക്ടറുടെ ചേമ്പറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ ഇ അനിത കുമാരി, ഉദയം സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. ജി രാഗേഷ് എന്നിവര്‍ പങ്കെടുത്തു.